abc

ആറ്റിങ്ങൽ: സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ശ്രീപാദം സ്റ്റേഡിയത്തിലെ ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് എട്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവനവഞ്ചേരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗോപിക, ഏഴാം ക്ലാസ് വിദ്യാർത്ഥി അജിത, പത്താം ക്ലാസ് വിദ്യാർത്ഥി നിഖില, ഗവ. ഗേൾസ് എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി ജസ്‌മ, ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി അഖ്‌ന, ഗവ. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മീതു, അയോണ, സുനി എന്നിവരാണ് ചികിത്സയിലുള്ളത്. വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടോടെയാണ് ഇവരെ വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഭക്ഷ്യവിഷബാധയല്ലെന്നാണ് അധികൃതർ പറയുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ഹോസ്റ്റലിലും കാന്റീനിലും പരിശോധന നടത്തി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഉപേക്ഷിക്കാൻ വച്ചിരുന്നതാണ് ഇവയെന്നാണ് ജീവനക്കാർ പറയുന്നത്. കാന്റീന് നിയമപരമായ നഗരസഭയുടെ ലൈസൻസ് ഇല്ലെന്നും വാട്ടർ ടാങ്കിന് ശുചിത്വമില്ലെന്നും കണ്ടെത്തി. ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. 105 കുട്ടികളാണ് സ്‌പോർട്‌സ് ഹോസ്റ്റലിൽ താമസിച്ച് പരിശീലനവും പഠനവും നടത്തുന്നത്. നഗരസഭാ ചെയർമാൻ എം. പ്രദീപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു എന്നിവർ ചികിത്സയിലുള്ള കുട്ടികളെ സന്ദർശിച്ചു.