1

നേമം: വ്യാപാര കേന്ദ്രമായ ബാലരാമപുരവും പരിസരപ്രദേശങ്ങളും മാലിന്യ കേന്ദ്രങ്ങളാകുന്നതായി പരാതി. കരമന - കളിയിക്കാവിള ദേശീയപാതയുടെ ഇരുവശങ്ങളിലും അഴുക്കുചാലുകളിലും പ്രധാന കവലകളിലും പ്ലാസ്റ്റിക്കും മറ്റ് ഖര - ദ്രവ മാലിന്യങ്ങളും കുന്നുകൂടുകയാണ്. ഇത് സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റ് ജലസ്രോതസുകളിലും വിഷം കലർന്ന രാസ വസ്തുക്കൾ നിറയാൻ കാരണമാകുന്നുവെന്നും നാട്ടുകാർ പറയുന്നു. ബാലരാമപുരം പഞ്ചായത്ത് പരിധിയിൽ നടക്കുന്ന മാലിന്യ നിക്ഷേപം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. രാത്രിയിൽ അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ചാക്കിൽ കെട്ടിയാണ് മാലിന്യങ്ങൾ വഴിയോരങ്ങളിൽ നിക്ഷേപിക്കുന്നത്. നഗരമാലിന്യങ്ങൾ ഗ്രാമീണമേഖലകളിൽ നിക്ഷേപിക്കുന്നതിന് ഇപ്പോൾ ഏജൻസികൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം നഗരത്തിലെ വൻകിട സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരിച്ച് സമീപപ്രദേശങ്ങളായ നേമം, ബാലരാമപുരം, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്. അടുത്തിടെ പാറശാലയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യ നിക്ഷേപം നടത്തിയവരെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ തമിഴ്നാട്ടിൽ നിന്നും വിവിധ ഏജൻസികൾ കരാർ പ്രകാരം അതി‌ർത്തികടന്ന് മാലിന്യനിക്ഷേപം നടത്തുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു.

പകർച്ചവ്യാധി ഭീഷണിയും

ചപ്പുചവറുകൾ വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം നൽകാനോ യഥാസമയം മാലിന്യങ്ങൾ കത്തിച്ചു കളയുന്നതിനുളള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. അതിനാൽ മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങൾ പകർച്ചവ്യാധി ഭീഷണി നേരിടുകയാണ്. ദേശീയപാത വികസനം നടക്കുന്ന കൊടിനട ഭാഗത്ത് ഡ്രൈയിനേജ് പൊട്ടി മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനു സമീപത്തുളള നിരവധി വീട്ടുകാരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും പകർച്ച വ്യാധി ഭീഷണിയിലാണ് കഴിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.