തിരുവനന്തപുരം: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ പ്രതിക്കെതിരെ കൂടുതൽ പരാതികൾ. ഞായറാഴ്ചയാണ് ശാസ്‌തമംഗലം സ്വദേശി സരളാദേവിയുടെ പരാതിയിൽ നാലാഞ്ചിറ കിനവൂർ പുത്തൻവിള വീട്ടിൽ ജോയ് തോമസിനെ (46)​ മണ്ണന്തല പൊലീസ് അറസ്റ്റുചെയ്‌തത്. പരാതിക്കാരിയുടെ മകൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ആൻഡ് എക്സൈസ് വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് 36000 രൂപ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. കസ്റ്റംസ് ഓഫീസറുടെ യൂണിഫോം അണിഞ്ഞെത്തിയാണ് ഇയാൾ പണം വാങ്ങിയത്. സരളാദേവിയുടെ പരാതിക്ക് പുറമേ ജോയിയുടെ സഹപാഠിയായ സജീവനും പരാതിയുമായെത്തി. ജോലി നൽകാമെന്ന് പറഞ്ഞ് 20,​000 രൂപ തട്ടിയെന്നായിരുന്നു പരാതി. ഞായറാഴ്ച മാത്രം നാല് പേരാണ് പരാതിയുമായി എത്തിയത്. ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് കേശവദാസപുരം സ്വദേശി ഇന്നലെ പരാതി നൽകി. കേശവദാസപുരം സ്വദേശിയുടെ മരിച്ചുപോയ അച്ഛൻ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മകന് താൻ നല്ല ജോലി നൽകുമെന്നും പറഞ്ഞാണ് ജോയി ഇദ്ദേഹത്തെ സമീപിച്ചത്. പരാതിക്കാരായ അ‌ഞ്ചുപേരെയും കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. ഐ.പി.എസ് ഓഫീസറായും റെയിൽവേ ടി.ടി.ആറായും ആൾമാറാട്ടം നടത്തിയാണ് ജോയി തട്ടിപ്പ് നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും കേന്ദ്ര - സംസ്ഥാന സ്ഥാപനങ്ങളുടെ വ്യാജ ഐ.ഡി കാർഡുകൾ, ജോയി തോമസ് ഐ.പി.എസ് എന്നെഴുതിയ നെയിം ബോർഡ്, യൂണിഫോം, സീലുകൾ, ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങിയ ആപ്ലിക്കേഷൻ ഫോമുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇയാളുടെ തട്ടിപ്പ് മനസിലാക്കി പലരും ഇയാളുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും താൻ മരിച്ചെന്ന് വരുത്തിത്തീർക്കാൻ സ്വന്തം ഫോട്ടോ ഹാരമിട്ട് സിറ്റൗട്ടിൽ വച്ചിരുന്നതിനാൽ മടങ്ങിപ്പോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.