ആര്യനാട്: ആര്യനാട് വാട്ടർ അതോറിട്ടി സെക്ഷൻ ഓഫീസിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. 48 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന ഓഫീസ് മന്ദിരം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. ഇലക്ട്രിക്കൽ ജോലികളും പെയിന്റിംഗ് അടക്കമുള്ള അവസാന വട്ട ജോലികളും മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. പുതിയ മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ. എസ്. ശബരീനാഥൻ എം.എൽ.എ കഴിഞ്ഞ ദിവസമെത്തി വേഗത്തിൽ പണി പൂർത്തിയാക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട അധികൃതർക്ക് നൽകി.
ആര്യനാട് മേലേചിറയിൽ ഗ്രാമപഞ്ചായത്ത് നൽകിയ 10 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം പൂർത്തിയാകുന്നത്. ആര്യനാട്, ഉഴമലയ്ക്കൽ, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ, വിളപ്പിൽ തുടങ്ങി ആറ് പഞ്ചായത്തുകൾക്ക് പ്രയോജനകരമാകും.ഈ പഞ്ചായത്തുകളിൽ 11000 ഓളം വാട്ടർ കണക്ഷൻ ഉണ്ട്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ഓഫീസിന് പുതിയ മന്ദിരം യാഥാർത്ഥ്യമാക്കുന്നതിന് എം.എൽ.എ, വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സുധീർ തുടങ്ങിയവർ നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ അന്തിമഘട്ടത്തിലെത്തിയത്. എം.എൽ.എക്കൊപ്പം ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാമില ബീഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സുധീർ, പഞ്ചായത്ത് മെമ്പർ കെ. അജിത തുടങ്ങിയവരും ഉണ്ടായിരുന്നു.