വെഞ്ഞാറമൂട്: ട്രിപ്പ് കഴിഞ്ഞ് ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് മദ്യ ലഹരിയിലെത്തിയ യുവാക്കൾ എറിഞ്ഞുതകർത്തു. സംഭവത്തിൽ ഒരാൾ പിടിയിലായി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അടൂർ സ്വദേശി അരുണാണ് (22) പിടിയിലായത്. സുഹൃത്തുക്കളായ അടൂർ സ്വദേശി രാഹുൽ, കൊട്ടാരക്കര സ്വദേശി ഷെഫീക് എന്നിവർക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസിന്റെ പിറകിലെ ചില്ലാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ വെഞ്ഞാറമൂട് ജംഗ്ഷന് സമീപത്തുവച്ചായിരുന്നു സംഭവം. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഒരാൾ കൈയിലിരുന്ന മൊബൈൽ ഉപയോഗിച്ച് ബസിന്റെ ചില്ലിൽ എറിയുകയുമായിരുന്നു. പിറകുവശത്തെ ചില്ല് പൂർണമായും തകർന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളിലൊരാളെ കൊടിതോരണങ്ങൾ കെട്ടിക്കൊണ്ടിരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടികൂടി പൊലീസിൽ ഏല്പിക്കുകയുമായിരുന്നു. സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഫയർ ആൻഡ് സേഫ്റ്റി ജോലിക്കായി എത്തിയതായിരുന്നു യുവാക്കൾ. മറ്റ് രണ്ടുപേർക്കായി ഇവർ താമസിക്കുന്ന ലോഡ്‌ജിൽ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ എറിയാൻ ഉപയോഗിച്ച മൊബെൽ ഫോൺ ബസിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.