chegu

തിരുവനന്തപുരം: ക്യൂബൻ വിപ്ലവേതിഹാസം ചെഗുവേരയുടെ മകൾക്ക് ഊഷ്മള വരവേല്പ്. കേരള സന്ദർശനത്തിനെത്തിയ ഡോ. അലെയ്ഡ ഗുവേരയെ തലസ്ഥാനം ഹൃദയം തുറന്ന് സ്വീകരിച്ചു. ഞായറാഴ്ച രാത്രി എത്തിയ അലെയ്ഡ ഇന്നലെ രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി അരമണിക്കൂറിലധികം സംഭാഷണം. ക്യൂബൻ ഐക്യദാർഢ്യ സമ്മേളനവും കേരളവുമൊക്കെ വർത്തമാനത്തിൽ നിറഞ്ഞു. എം.എ. ബേബിയാണ് തങ്ങളുടെ പഴയ ക്യൂബൻ യാത്രയെക്കുറിച്ച് ഓർമിപ്പിച്ചത്. '1994 ൽ കൂത്തുപറമ്പ് വെടിവയ്പ് നടക്കമ്പോൾ ക്യൂബയിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഞങ്ങൾ.' സമ്മേളനത്തെക്കുറിച്ച് പറഞ്ഞപ്പോൾ അന്ന് അവിടെയുണ്ടായിരുന്ന കാര്യം അലെയ്ഡയും പങ്കുവച്ചു.

മുഖ്യമന്ത്രി കുടുംബാംഗങ്ങളെ അലെയ്ഡയ്ക്ക് പരിചയപ്പെടുത്തി. പ്രഭാതഭക്ഷണം ഒരുമിച്ച്. പിന്നീട് മസ്‌കറ്റ് ഹോട്ടലിലെത്തി മന്ത്രിമാരായ കെ.കെ. ശൈലജയെയും സി. രവീന്ദ്രനാഥിനെയും കണ്ടു. തുടർന്ന് എ.കെ.ജി സെന്ററിലെത്തി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ തുടങ്ങിയവരും സെന്ററിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി ചർച്ച. രാത്രി കെ.ടി.ഡി.സിയുടെ കോവളം സമുദ്ര ഹോട്ടലിലെത്തിയ അലെയ്ഡയെ ചെയർമാൻ എം. വിജയകുമാർ സ്വീകരിച്ചു. തുടർന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ ഇ.എം.എസ് അക്കാഡമി സന്ദർശിച്ചശേഷം മ്യൂസിയവും ആർട്ട് ഗാലറിയും കണ്ട്, രാത്രി കണ്ണൂരിലേക്കു പോകും.