fff

നെയ്യാറ്റിൻകര: കർക്കടക വാവുബലിയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അരുവിപ്പുറത്ത് പൂർത്തിയായി. അരുവിപ്പുറം ക്ഷേത്രാങ്കണത്തിൽ രണ്ട് ബാരിക്കേഡുകളിലായി ഒരേ സമയം ആയിരം പേർക്ക് വീതം ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്വാമി സാന്ദ്രാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ നാളെ പുലർച്ചെ അഞ്ചോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ശിവഗിരി മഠത്തിലെ പതിനഞ്ചോളം തന്ത്രിമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ബലിതർപ്പണത്തിന് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് 150ഓളം സന്നദ്ധ സംഘടന പ്രവർത്തകരെയും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ 150പരം വോളന്റിയർമാരെയും വിന്യസിച്ചിട്ടുണ്ട്. ബലിതർപ്പണത്തിനുള്ള രസീത് പുലർച്ചെ 4.30 മുതൽ ക്ഷേത്ര കൗണ്ടറുകളിൽ ലഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട്. അരുവിപ്പുറം മഠത്തിനകത്തും കൊടിതൂക്കി മലയിലും വനിതാ പൊലീസ് ഉൾപ്പെടെ 350 പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. ആംബുലൻസ് സർവീസും ഉണ്ടായിരിക്കും. നാളെ പുലർച്ചെ മുതൽ കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് അരുവിപ്പുറത്തേക്ക് സ്‌പെഷ്യൽ സർവീസ് നടത്തും. പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും. എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി സ്വാമി സാന്ദ്രാനന്ദയും അരുവിപ്പുറം പ്രചാരണസഭ കോ ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷും അറിയിച്ചു.