തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചും മോക്ഷപുണ്യം തേടിയും നാളെ കർക്കടക വാവുബലി തർപ്പണം. പുലർച്ചെ 2.30 ന് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരുമണി വരെ നീളും. തലസ്ഥാനത്ത് ശംഖുംമുഖം, തിരുവല്ലം, വർക്കല പാപനാശം, അരുവിക്കര എന്നിവിടങ്ങളാണ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ. തിരുമുല്ലവാരം, ആലുവാ മണപ്പുറം, തിരുനാവായ, തിരുനെല്ലി എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും. ബലിതർപ്പണം നടക്കുന്നിടങ്ങളിലെ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. പുലർച്ചെ മുതൽ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. ആലുവ മണപ്പുറത്ത് ബലിയിടുന്നവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.