തിരുവനന്തപുരം : രാഖിമോളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മക്കൾ അഖിലും രാഹുലും തെറ്റുചെയ്യില്ലെന്ന് ആവർത്തിക്കുകയാണ് അച്ഛൻ മണിയൻ. എന്റെ കുടുംബത്തിന് സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. എന്നെയും മക്കളെയും ചീത്തവിളിക്കുന്നവർ ഈ നാട്ടിലുള്ളവർ അല്ല. തെളിവെടുപ്പിന് ശേഷം അഖിലുമായി പൊലീസ് മടങ്ങിയതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോഴായിരുന്നു മണിയന്റെ പ്രതികരണം. അഖിലിനെ തെളിവെടുപ്പിനായി എത്തിക്കുമ്പോൾ പുറത്തിറങ്ങാതെ വീട്ടിലായിരുന്നു മണിയനും ഭാര്യയും. ഇതിന് തൊട്ടടുത്ത് ഇവർ പുതുതായി പണിയുന്ന വീടിന്റെ പിറകിലാണ് മൃതദേഹം കുഴിച്ചിട്ടത്. നാട്ടുകാർ ബഹളം വച്ചിട്ടും മണിയൻ വീടിന്റെ വാതിൽ തുറന്നില്ല.
മണിയന് പങ്കുണ്ടെന്ന്
നാട്ടുകാർ
അതേസമയം, സംഭവത്തിൽ മണിയന് പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം തുടർച്ചയായി മഴപെയ്ത ദിവസം അച്ഛനും മക്കളും ചേർന്ന് വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടതായി അയൽവാസിയായ സജി പൊലീസിന് മൊഴിനൽകി. എന്തിനാണ് കുഴിയെടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ലഡാക്കിൽ നിന്നു കൊണ്ടുവന്ന പ്രത്യേക തരം ചെടി നടാനാണെന്നാണ് അഖിൽ മറുപടി നൽകിയത്. മണിയൻ ഒപ്പമുണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ടത് ഈ സ്ഥലത്താണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും.