തിരുവനന്തപുരം: ആഗസ്റ്റ് മുതൽ ഒക്ടോബർ 31 വരെ സെക്രട്ടേറിയറ്റിലും വകുപ്പു മേധാവികളുടെ ഓഫീസിലും നടത്തുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം ജനങ്ങൾക്ക് ഗുണകരമാകും വിധം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതികൾക്കും നിവേദനങ്ങൾക്കും ആദ്യപരിഗണന നൽകി പരിഹാരം കാണണം. ഫയൽ തീർപ്പാക്കലിനു മാത്രമായി ഒന്നോ അതിലധികമോ അവധിദിവസങ്ങൾ മാറ്റിവച്ച് ഓഫീസുകൾ പ്രവർത്തിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണം. പ്രോഗ്രസ് റിപ്പോർട്ടിൽ ഇനിയും പൂർത്തീകരിക്കാനുള്ള പദ്ധതികൾ 2020 ജൂണിനകം പൂർത്തിയാക്കണം. ഒരോ വകുപ്പും ഏറ്റെടുത്ത പദ്ധതികൾ, ക്ഷേമപദ്ധതികൾ എന്നിവ അവലോകനം ചെയ്യാൻ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണം. ഫയലുകൾ ഇംഗ്ലീഷിൽ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും, ജീവനക്കാരുടെ പ്രൊമോഷനുകൾ തടഞ്ഞുവയ്ക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.