ലണ്ടൻ : ഏറെക്കാലമായി പറഞ്ഞുകേട്ട ടെസ്റ്റ് ക്രിക്കറ്റിന്റെ ലോകകപ്പിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച ഇംഗ്ളണ്ടിലെ എഡ്ജ് ബാസ്റ്റണിൽ ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യമത്സരത്തിലൂടെ തുടക്കമാവുകയാണ്.
ഇൻസ്റ്റന്റ് ക്രിക്കറ്റിന്റെ ആവേശകാലത്ത് അസ്തമിക്കാൻ തുടങ്ങുന്ന അഞ്ചുദിന ക്രിക്കറ്റിന്റെ യശസ് തിരിച്ചുപിടിക്കാനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ശ്രമമാണ് ഒൻപത് രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് വർഷമായി നടത്തുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. ഇന്ത്യയുൾപ്പെടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾ അടുത്ത രണ്ട് വർഷങ്ങളിൽ നടത്തുന്ന പരമ്പരകൾക്ക് പോയിന്റ് ഏർപ്പെടുത്തി , ഏറ്റവും മുന്നിലെത്തുന്ന രണ്ട് ടീമുകൾ തമ്മിൽ 2021 ൽ ഇംഗ്ളണ്ടിൽവച്ച് ഫൈനൽ നടത്തി ടെസ്റ്റിലെ ലോക ചാമ്പ്യനെ കണ്ടെത്തുന്നതാണ് മത്സര രീതി. ഇന്ത്യ, ഇംഗ്ളണ്ട്, ആസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ടെസ്റ്റ് പദവിയുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ, അയർലൻഡ് എന്നീ രാജ്യങ്ങൾക്ക് ചാമ്പ്യൻഷിപ്പിൽ സ്ഥാനമില്ല. അടുത്തിടെ ഐ.സി.സി അംഗത്വം റദ്ദ് ചെയ്യപ്പെട്ട സിംബാബ്വെയും ചാമ്പ്യൻഷിപ്പിന് പുറത്താണ്.
2009 ലാണ് ടെസ്റ്റ് ക്രിക്കറ്റിനായി ഒരു ലോക ചാമ്പ്യൻഷിപ്പ് നടത്താൻ ഐ.സി.സി ശ്രമം തുടങ്ങിയത്. ഏകദിന ചാമ്പ്യൻസ് ട്രോഫിക്ക് പകരം 2013ൽ ആദ്യടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്താനായിരുന്നു ആദ്യപദ്ധതി. എന്നാൽ ഏങ്ങനെ നടത്തുമെന്നതിലെ അവ്യക്തത കാരണം അത് നടന്നില്ല. തുടർന്ന് 2017 ലേക്ക് മാറ്റിവച്ചു. ടെസ്റ്റ് റാങ്കിംഗിൽ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ മൂന്ന് മത്സരമുള്ള ചാമ്പ്യൻഷിപ്പായിരുന്നു ആസൂത്രണം ചെയ്തത്. രണ്ട് സെമിഫൈനലും ഒരു ഫൈനലും എന്നതായിരുന്നു ഷെഡ്യൂൾ. എന്നാൽ ഇതും മാറ്റിവച്ചു. തുടർന്നാണ് 2017 ൽ ഐ.സി.സി അംഗരാജ്യങ്ങളുമായുള്ള ചർച്ചയിൽ ഒൻപത് ടീമുകൾ ഉൾപ്പെടുന്ന ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനമായത്.
ചാമ്പ്യൻഷിപ്പ് ഇങ്ങനെ
. ഒൻപത് ടീമുകളിൽ ഒാരോന്നും ഏതെങ്കിലും ആറ് എതിരാളികളുമായി സ്വദേശത്തോ വിദേശത്തോ നടത്തുന്ന ടെസ്റ്റ് പരമ്പരകളാണ് ചാമ്പ്യൻഷിപ്പിനായി പരിഗണിക്കുന്നത്.
. പരമ്പരയിൽ രണ്ടുമുതൽ അഞ്ചുവരെ മത്സരങ്ങൾ ഉണ്ടാകാം. ഒരു പരമ്പരയിൽ നിന്ന് പരമാവധി 120 പോയിന്റുകൾ സ്വന്തമാക്കാവുന്ന രീതിയിലാണ് പോയിന്റ് ക്രമം. പരമ്പരയിലെ മത്സരങ്ങളുടെ എണ്ണകൂടുതൽ ആകെ പോയിന്റിനെ ബാധിക്കില്ല.
. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ഒാരോ വിജയത്തിനും 24 പോയിന്റ് വീതമാണ് ലഭിക്കുക.
. അതേസമയം രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ഒരു വിജയത്തിന് 60 പോയിന്റുണ്ടാകും.
. അതായത് ആഷസ് പരമ്പരയിൽ ഒരു വിജയത്തിന് 24 പോയിന്റ്. ഇന്ത്യയും വിൻഡീസും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഒരു വിജയത്തിന് 60 പോയിന്റ്.
. മത്സരങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പോയിന്റും മാറും.
. തുല്യ സ്കോറിൽ ടൈ ആകുമ്പോഴും ഫലമില്ലാതെ സമനിലയിൽ പിരിയുമ്പോഴും പോയിന്റിൽ വ്യത്യാസമുണ്ട്.
ഇന്ത്യയുടെ മത്സരങ്ങൾ
2019 ആഗസ്റ്റ്
Vs വിൻഡീസ് (2)
2019 ഒക്ടോബർ
Vs ദക്ഷിണാഫ്രിക്ക (3)
2019 നവംബർ
Vs ബംഗ്ളാദേശ് (2)
2020 ഫെബ്രുവരി
Vs ന്യൂസിലൻഡ് (4)
2021 ഫെബ്രുവരി-മാർച്ച്
Vs ഇംഗ്ളണ്ട് (5)
72
മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ ആകെയുള്ളത്
ഫൈനൽ മത്സരം സമനിലയിലായാൽ ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങളിൽ ഇരു ടീമംഗങ്ങളും പരമ്പരാഗത വെള്ള ജഴ്സിയാകും ഉപയോഗിക്കുക. എന്നാൽ ഇൗ ജഴ്സിയിൽ ഒാരോ കളിക്കാരനും ഏകദിനത്തിലേതുപോലെ നമ്പർ രേഖപ്പെടുത്തും
വെസ്റ്റ് ഇൻഡീസിനെതിരെ ആഗസ്റ്റ് 22 മുതൽ ആന്റി ഗ്വയിലാണ് ഇന്ത്യയുടെ ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം.
ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള പരമ്പരയും ആഗസ്റ്റിൽ നടക്കും.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോക ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ടിൽ മത്സരമില്ല.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്താനുള്ള ഐ.സി.സി യുടെ തീരുമാനം കൃത്യസമയത്താണ് നടപ്പിലാകുന്നത്. അഞ്ചുദിന മത്സരങ്ങളിൽ ആവേശം നിറയ്ക്കാൻ ചാമ്പ്യൻഷിപ്പിന് കഴിയും. ടെസ്റ്റിൽ സമീപകാലത്ത് ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്നത് ഞങ്ങൾ സ്വപ്നം കാണുന്നു.
വിരാട് കൊഹ്ലി
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ
നിലവിൽ ഒാരോവർഷവും ഏപ്രിൽ 30ന് ഡെഡ്ലൈൻ കണക്കാക്കി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതുള്ള ടീമിന് 10 ദശലക്ഷം ഡോളറും ചെങ്കോലും സമ്മാനിക്കുന്ന രീതിക്ക് മാറ്റം വരും.