eldo-mla

തിരുവനന്തപുരം: കൊച്ചിയിൽ സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ,സംഘർഷം നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലുകൾ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്നും എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അന്വേഷണ റിപ്പോർട്ട്.പ്രത്യേക ദൂതൻ മുഖേന ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ച റിപ്പോർട്ടിന്മേൽ എറണാകുളത്തെ പൊലീസിനെതിരെ നടപടിയുണ്ടാവും.

എം.എൽ.എയ്ക്ക് മർദ്ദനമേറ്റ സാഹചര്യം ഒഴിവാക്കാൻ പൊലീസിന് കഴിഞ്ഞില്ല. അതേസമയം, ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ച്, പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങാതെയായിരുന്നുവെന്നും സമരക്കാരുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.‌ കളക്ടറുടെ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും ,പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തലുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

,വൈപ്പിൻ കോളേജിലെ സംഘർഷത്തെ തുടർന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഞാറയ്‌ക്കലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞപ്പോൾ നോക്കി നിന്ന സി.ഐ മുരളിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്. കഴിഞ്ഞ ചൊവ്വാഴ്ച സി.പി.ഐ പ്രവർത്തകർ ഡി.ഐ.ജി ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനു നേരേ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് പുറമെ, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, അസി.സെക്രട്ടറി സുഗതൻ തുടങ്ങിയവർക്കും പരുക്കേ​റ്റിരുന്നു.

കളക്ടറുടെ റിപ്പോർട്ടിലെ

മറ്റ് കണ്ടെത്തലുകൾ

 ഡി.ഐ.ജി ഓഫീസ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടി ഒഴിവാക്കാനാവുമായിരുന്നു.

 നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു ലാത്തിച്ചാർജ്ജ് കമ്മിഷണറോ ആർ.ഡി.ഒയോ സ്ഥലത്തുണ്ടായിരുന്നില്ല. ലാത്തിച്ചാർജിന് മുൻപ് മജിസ്​റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നില്ല.

 എം.എൽ.എയെയും നേതാക്കളെയും തിരിച്ചറിയുന്നതിൽ പൊലീസിന് വീഴ്ച പ​റ്റി. എൽദോ എബ്രഹാം എം.എൽ.എയ്ക്ക് മർദ്ദനമേൽക്കുന്നത് തടയാനാകാത്തതും വീഴ്ചയാണ്.

 പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെയായിരുന്നു ഡി.ഐ.ജി ഓഫീസ് മാർച്ച് .ഞാറയ്ക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ച് തലേദിവസമാണ് എറണാകുളത്തെ ഡി.ഐ.ജി ഓഫീസിലേക്ക് മാ​റ്റിയത്. ഇക്കാര്യം പൊലീസിനെ ഔദ്യോഗികമായി അറിയിച്ചില്ല. മാർച്ച് നടന്ന ദിവസം രാവിലെ മാത്രമാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വഴി പൊലീസിന് വിവരം ലഭിച്ചത്. അതിനാൽ സുരക്ഷയൊരുക്കാൻ വേണ്ടത്ര സമയം കിട്ടിയില്ല. നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുളളവർ സ്ഥലത്തെത്തുമായിരുന്നു.

 സി.പി.ഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചപ്പോൾ മാത്രമാണ് പൊലീസ് ലാത്തി വീശിയത്.

മാർച്ച് നടത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമറിച്ചു. പൊലീസിനു നേരെ കൈയ്യേ​റ്റ

ശ്രമവുമുണ്ടായി.

എം.എൽ.എയുടെ കൈയ്ക്ക് പൊട്ടലെന്ന്

സി.ടി.സ്‌കാൻ റിപ്പോർട്ട്

കൊച്ചി: പൊലീസ് ലാത്തിച്ചാർജിൽ തന്റെ കൈക്ക് പൊട്ടലുണ്ടെന്ന സി.ടി.സ്‌കാൻ റിപ്പോർട്ട് എൽദോ എബ്രഹാം എം.എൽ.എ ഇന്നലെ രാവിലെ കളക്ടറേറ്റിലെത്തി കളക്ടർ എസ്. സുഹാസിന് സമർപ്പിച്ചു.

ഇതിന് മുമ്പേ കളക്‌ടർ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് അയച്ചിരുന്നു. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ റിപ്പോർട്ടാണിത്. നേരത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നപ്പോഴത്തെ മെഡിക്കൽ റിപ്പോർട്ട് കളക്‌ടർ ശേഖരിച്ചിരുന്നു. അതിൽ കൈക്ക് ഒടിവുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്‌ടറാണ് കൈയ്‌ക്ക് പൊട്ടലുണ്ടെന്ന് പറഞ്ഞതെന്നും ഒടിവുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എൽദോ വിശദീകരിച്ചിരുന്നു.