തിരുവനന്തപുരം: നഗരത്തിൽ ചില്ലറ വില്പനയ്ക്കായി സ്‌കൂട്ടറിൽ എത്തിച്ച ഒരു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുളത്തുമ്മൽ കിള്ളി കടുവനടിയിൽ നൗഫിയ മൻസിലിൽ സെയ്ഫുദീൻ (50), കുളത്തുമ്മൽ കിള്ളി തൊളിക്കോട്ടുകോണം സലീംഷാ മൻസിലിൽ മുക്താർ ഷാ (30) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. അടുത്തിടെ പിടികൂടിയ ചില്ലറ വില്പനക്കാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഷാഡോ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇരുവരും പിടിയിലായത്. വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ദിനേന്ദ്ര കശ്യപ് അറിയിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എ.സി പ്രമോദ് കുമാർ, കൺട്രോൾ റൂം എ.സി ശിവസുതൻ പിള്ള, പൂജപ്പുര ഐ.എസ്.എച്ച്.ഒ പ്രേംകുമാർ, എസ്.ഐ വി.സുനിൽ, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, അരുൺകുമാർ, ഷാഡോ ടീമാംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.