കോച്ചെന്ന നിലയിലെ രവി ശാസ്ത്രിയുടെ മികവ്
ചോദ്യം ചെയ്ത് റോബിൻസിംഗ്
. പുതിയ കോച്ചാകാൻ അപേക്ഷ നൽകിയവരിൽ
റോബിൻ സിംഗും
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവിശാസ്ത്രി തുടരുന്നതിൽ എന്തർത്ഥമാണുള്ളതെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരം റോബിൻ സിംഗ്. പുതിയ പരിശീലകനാകാൻ അപേക്ഷ നൽകിയവരിൽ റോബിൻ സിംഗുമുണ്ട്.
രവി ശാസ്ത്രിയുടെ കീഴിൽ ഇന്ത്യ തുടർച്ചയായ രണ്ട് ഏകദിന ലോകകപ്പുകളിൽ സെമിഫൈനലിൽ തോറ്റത് റോബിൻസിംഗ് ചൂണ്ടിക്കാട്ടി.
ട്വന്റി 20 ലോകകപ്പിലും അവസാന നാലിൽ നിന്ന് മുന്നോട്ടുവരാനായില്ല. 2023 ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ ഒരുക്കുമ്പോൾ പരിശീലകരും മാറേണ്ടതാണെന്ന് റോബിൻ സിംഗ് പറയുന്നു.
1990 കളിൽ ഇന്ത്യൻ ടീമംഗമായിരുന്ന റോബിൻസിംഗ് 2007 മുതൽ 2009 വരെ ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് കോച്ചുമായിരുന്നു. ഇൗ കാലയളവിൽ ഇന്ത്യ ഇംഗ്ളണ്ടിൽ ടെസ്റ്റ് പരമ്പര വിജയിക്കുകയും പ്രഥമ ട്വന്റി 20 ലോകകപ്പ് നേടുകയും ചെയ്തിരുന്നു. ആസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കി.
അതേസമയം രവിശാസ്ത്രി കോച്ചായി തുടരണമെന്നതാണ് തന്റെ അഭിപ്രായമെന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ഇന്നലെ പരസ്യമായി പറഞ്ഞിരുന്നു. മുൻ ഇന്ത്യൻ നായകൻ കപിൽദേവ്, അംഷുമാൻ ഗേയ്ക്ക് വാദ്, മുൻ വനിതാതാരം ശാന്താരംഗസ്വാമി എന്നിവരടങ്ങിയ സമിതിയെയാണ് പുതിയ കോച്ചിനെ കണ്ടെത്താൻ ബി.സി.സി.ഐയുടെ സുപ്രീംകോടതി നിയമിച്ച താത്കാലിക ഭരണസമിതി നിയോഗിച്ചിരിക്കുന്നത്. ഇതിൽ അംഷുമാൻ ഗെയ്‌ക്ക് വാദ് ശാസ്ത്രി തന്നെ മുഖ്യകോച്ചായി തുടരുമെന്ന് സൂചനയും നൽകി. മുഖ്യപരിശീലകനെയൊഴിച്ച് ബാക്കിയുള്ളവരെ തിരഞ്ഞെടുക്കേണ്ട ചുമതലയേ തങ്ങൾക്കുള്ളൂവെന്നാണ് ഗെയ്‌ക്ക് വാദ് പറഞ്ഞത്.
ലോകകപ്പിന് ശേഷം രവിശാസ്ത്രി, ബൗളിംഗ് കോച്ച് ബി. അരുൺ, ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിംഗ് കോച്ച് ശ്രീധർ എന്നിവരുടെ കരാർ അവസാനിച്ചിരുന്നു. എന്നാൽ വിൻഡീസ് പര്യടനം കഴിയുന്നതുവരെ 45 ദിവസത്തേക്ക് ഇവർക്ക് കരാർ നീട്ടിനൽകിയിരിക്കുകയാണ്. ഇവർക്ക് പുതിയ കോച്ച് സെലക്ഷനിൽ സ്വാഭാവിക പരിഗണനയും നൽകിയിട്ടുണ്ട്.
അതേസമയം പുതിയ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. നിരവധി അപേക്ഷകൾ ഇതിനകം എത്തിയതായാണ് സൂചനകൾ. റോബിൻസിംഗിനെ കൂടാതെ മുൻ ആസ്ട്രേലിയൻ താരം ടോം മൂഡി, മുൻ ന്യൂസിലൻഡ് കോച്ച് മൈക്ക് ഹെസ്സൻ തുടങ്ങിയവരും മുഖ്യകോച്ചായി അപേക്ഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ് ഫീൽഡിംഗ് കോച്ചായും അപേക്ഷ നൽകിയിട്ടുണ്ട്.