mbbs

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ബാങ്ക് ഗാരന്റി നൽകേണ്ടതില്ലെന്ന് എൻട്രൻസ് കമ്മിഷണർ എ.ഗീത അറിയിച്ചു,

ഫീസ് വർദ്ധന ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതിയിലേക്ക് മാറ്റിയ ഉത്തരവിൽ, ഫീസ് കൂട്ടേണ്ടി വന്നാൽ ബാങ്ക് ഗാരന്റി നൽകേണ്ടി വരുമെന്ന് വിദ്യാർത്ഥികളെ അറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് സർക്കാർ അനുമതിയോടെ വിജ്ഞാപനമിറക്കിയത്. ഒരു കോളേജിനും ബാങ്ക് ഗാരന്റി വാങ്ങോനോ വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് എഴുതി വാങ്ങാനോ അധികാരമില്ല. ഇക്കാര്യത്തിൽ ആരും വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്നും കമ്മിഷണർ പറഞ്ഞു.

ഫീസ് വർദ്ധന ആവശ്യപ്പെട്ടുള്ള മാനേജ്മെന്റുകളുടെ ഹർജി ആഗസ്റ്റ് മൂന്നാം വാരം ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് പ്രകാരം അലോട്ട്മെന്റുകൾ നടത്തിയതായും കുട്ടികൾ പ്രവേശനം നേടിയതായും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകും. ഇക്കൊല്ലം ഇനി ഫീസ് വർദ്ധിപ്പിക്കരുതെന്നാണ് സർക്കാർ ആവശ്യപ്പെടുക. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ജസ്റ്റിസ് രാജേന്ദ്രബാബു നിശ്ചയിച്ച ഫീസ് മാത്രം നിലവിൽ നൽകിയാൽ മതിയെന്നും എൻട്രൻസ് കമ്മിഷണർ അറിയിച്ചു. 2017ലും ബാങ്ക് ഗാരന്റിക്കായി സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ എതിർത്തിരുന്നു. അതോടെ കോടതിയും മാനേജ്മെന്റുകളുടെ ആവശ്യം തള്ളിയിരുന്നു.

അതേസമയം, അഖിലേന്ത്യാ ക്വോട്ടയിൽ നിന്ന് എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ ഇരുനൂറോളം സീറ്റുകൾ സംസ്ഥാന ക്വോട്ടയിലേക്ക് മടക്കി നൽകി. പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഉപേക്ഷിച്ച സീറ്റുകളോ, ആരും ഓപ്ഷൻ നൽകാതിരുന്ന സീറ്റുകളോ ആണിവ. ഈ സീറ്റുകൾ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തി. അഖിലേന്ത്യാ ക്വോട്ടയിലെ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക് ഇനി സംസ്ഥാന ക്വോട്ടയിലേക്ക് മാറാനാവില്ല. ഇവർക്ക് സംസ്ഥാന ക്വോട്ടയിൽ അലോട്ട്മെന്റ് ലഭിച്ചാലും അലോട്ട്മെന്റ് മെമ്മോ നൽകില്ല. അഖിലേന്ത്യാ ക്വോട്ടയിൽ പ്രവേശനം ലഭിച്ചവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമ്മിഷണർ അറിയിച്ചു.