ജമൈക്ക : ലോകകപ്പിൽ വിക്കറ്റെടുത്ത ശേഷം സൈനിക സല്യൂട്ടുമായി ആഘോഷിച്ച് പ്രശസ്തനായ വിൻഡീസ് ക്രിക്കറ്റ് ടീമിലെ സൈനികൻ ഷെൽഡൻ കോട്ടെറെൽ ജമ്മുകാശ്മീരിൽ സൈനിക സേവനം നടത്താൻ പോകുന്ന മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിക്ക് അഭിനന്ദന സല്യൂട്ടുമായി എത്തി. സോഷ്യൽ മീഡിയയിലൂടെയാണ് കോട്ടെറെല്ലിന്റെ അഭിനന്ദന സന്ദേശം. കളിക്കളത്തിലും പുറത്തും ധോണി തനിക്ക് പ്രചോദനമാണെന്ന് കോട്ടെറെൽ പറഞ്ഞു. വിൻഡീസ് പര്യടനം ഉപേക്ഷിച്ച് സൈനിക സേവനം തിരഞ്ഞെടുത്തത് ധോണിയുടെ ദേശഭക്തിയുടെ തെളിവാണെന്നും കോട്ടെറെൽ പറഞ്ഞു. 2011 ൽ ധോണിക്ക് ടെറിട്ടോറിയൽ ആർമിയിൽ ഒാണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.