തിരുവനന്തപുരം: മലയാളി എക്കാലവും ഓർക്കുന്ന ഗാനങ്ങൾ സമ്മാനിച്ച് കടന്നുപോയ അതുല്യ പ്രതിഭ എം.ജി. രാധാകൃഷ്ണനുള്ള ആദരവായി ഘനശ്യാമ സന്ധ്യ. ടാഗോർ തിയേറ്ററിൽ നടന്ന 'ഘനശ്യാമ സന്ധ്യ 2019' പരിപാടിയിൽ സുഹൃത്തുക്കളും ആരാധകരും കുടുംബാംഗങ്ങളും എം.ജി. രാധാകൃഷ്ണന്റെ സർഗ സ്മൃതികൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു.
ശുദ്ധ സംഗീതത്തിന്റെ ഉപാസകനായിരുന്നു എം.ജി. രാധാകൃഷ്ണനെന്നും സംഗീതത്തെ കച്ചവടമാക്കിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വൈശിഷ്ട്യമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷന്റെ എം.ജി. രാധാകൃഷ്ണൻ പുരസ്‌കാരം സംഗീത സംവിധായകൻ എം. ജയചന്ദ്രന് മന്ത്രി സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മനസിൽ കുട്ടിത്തം സൂക്ഷിച്ച വ്യക്തിയായിരുന്നു എം.ജി. രാധാകൃഷ്ണനെന്നും നാട്യങ്ങളില്ലാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും നടൻ മധു പറഞ്ഞു. എം.ജി. രാധാകൃഷ്ണന്റെയും സംവിധായകൻ ഐ.വി. ശശിയുടെയും വേർപാടിലൂടെ മലയാളികളുടെ രണ്ട് സൂര്യകിരീടങ്ങളാണ് ഉടഞ്ഞുപോയതെന്ന് നടി സീമ പറഞ്ഞു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനായിരുന്നു. സാംസ്‌കാരിക ക്ഷേമനിധി ചെയർമാൻ പി. ശ്രീകുമാർ, ജഗദീഷ്, ശ്രീലത നമ്പൂതിരി, പത്മജ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. കെ. ഓമനക്കുട്ടി സ്വാഗതം പറഞ്ഞു. തുടർന്ന് എം.ജി. രാധാകൃഷ്ണന്റെ ലളിത ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും കോർത്തിണക്കിയ സംഗീത പരിപാടിയും അരങ്ങേറി. ഭാരത് ഭവനുമായി സഹകരിച്ചാണ് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിച്ചത്.