ബാലരാമപുരം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂർ കുറ്റ്യാട്ടൂർ കൂവോട് വാഴയിൽ വീട്ടിൽ ജെ. സാജനെ (29) അഞ്ച് വർഷത്തിനുശേഷം ബാലരാമപുരം സി.ഐയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് പിടികൂടി. ധനുവച്ചപുരം ഐ.ടി.ഐയിലെ വിദ്യാർത്ഥിനിയെ 2015 ലാണ് മിസ്ഡ് കാളിലൂടെ സാജൻ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് എറണാകുളത്തേക്ക് കൊണ്ടുപോയി പല ലോഡ്ജുകളിൽ മാറി മാറി താമസിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പെൺകുട്ടിയുടെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം പ്രതി മുങ്ങി. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. പ്രതി കണ്ണൂരിലുണ്ടെന്ന വിവരം ലഭിച്ച് പൊലീസ് എത്തിയെങ്കിലും വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രതി രണ്ടുവർഷം മുൻപ് മറ്റൊരു വിവാഹം കഴിച്ച് രഹസ്യമായി കഴിയുന്നതിനിടെയാണ് അറസ്റ്റിലാകുന്നത്. നിരവധി പെൺകുട്ടികളെ കബളിപ്പിച്ച് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐമാരായ സാജൻ, ജ്യോതിഷ് കുമാർ, സാബു എന്നിവരും സി.ഐയോടൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.