കൊച്ചി: എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ തന്നെയും മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം അടക്കമുള്ള സി.പി.ഐ നേതാക്കളെയും തല്ലിച്ചതച്ചത് പൊലീസിനുള്ളിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു. ഞാറയ്ക്കലിൽ ആരോപണ വിധേയനായ സി.ഐ പൊലീസ് അസോസിയേഷന്റെ ജില്ലാ നേതാവാണ്. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ സമരത്തിന് നേരെ പൊലീസ് മർദ്ദനം അഴിച്ചുവിട്ടത് ഇതുകൊണ്ടായിരിക്കാം. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് പി. രാജു ഫ്ലാഷിനോട് പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെ സി.പി.ഐ നേതാക്കൾക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പി.രാജു രംഗത്ത് എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, സി.പി.ഐ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ്. നടപടി എടുക്കുന്നതിൽ കാലതമാസം ഉണ്ടായാൽ തുടർ സമരങ്ങളിലേക്ക് സി.പി.ഐ കടക്കും. പ്രത്യേക കൂടിയാലോചനകൾക്ക് ശേഷമായിരിക്കും ഏത് രീതിയിലുള്ള സമരമാണെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം അറിയിച്ചു, ഇല്ലെന്ന് കളക്ടർ
കൊച്ചി: ഡി.ഐ.ജി ഓഫീസ് മാർച്ചിനെക്കുറിച്ച് പൊലീസിനെ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ജില്ലാ കളക്ടർക്ക് മൊഴി നൽകിയത്. എന്നാൽ, കഴിഞ്ഞ 18 നും 19നും ഇതു സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയുന്നു. മാത്രമല്ല, നഗരത്തിൽ ആയിരത്തിലധികം പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. അതേസമയം ഡി.ഐ.ജി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരത്തെ പോലീസ് അനുമതി വാങ്ങിയിരുന്നില്ലെന്നും മാർച്ച് നടത്തിയ അന്നേ ദിവസം മാത്രമാണ് ഇക്കാര്യം അറിയിച്ചതെന്നുമടക്കം കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സി.പി.ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകർക്കുകയും പൊലീസിന്റെ നേർക്ക് കല്ലേറുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.