shots

തിരുവനന്തപുരം: ഇരുപത് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിന്റെ തെളിവെടുപ്പിനിടെ ബംഗളൂരുവിലെ മജിസ്റ്റിക്കിൽ വച്ച് എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ജി.കെയെന്ന ജോർജ് കുട്ടിയെ ഏറ്റുമുട്ടലിനൊടുവിൽ എക്സൈസ് സാഹസികമായി പിടികൂടി. എക്സൈസ് സംഘത്തെ തുരത്തി രക്ഷപ്പെടാനായി ജോർജ് കുട്ടി നടത്തിയ വെടിവയ്പ്പിൽ നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനോജിന് വലതുകാലിന് വെടിയേറ്റു. കാൽമുട്ട് തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയി. ഗുരുതര പരിക്കേറ്റ മനോജിനെ ഉടൻ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസിന് നേരെ നാല് റൗണ്ട് വെടിയുതിർത്ത ജോർജ് കുട്ടിയെ അരമണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ എക്സൈസ് അതിസാഹസികമായി കീഴടക്കി. ഇന്ന് പുലർച്ചെ 12.15ന് മലപ്പുറം വണ്ടൂർ വാണിയമ്പലം കോളനിയിലായിരുന്നു സംഭവം.

photo
ഹാഷിഷ് കടത്ത് കേസിൽ തെളിവെടുപ്പിനിടെ ബംഗളുരുവിൽ എക്സൈസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ജോർജ് കുട്ടിയെ ഇന്ന് പുലർച്ചെ മലപ്പുറം വണ്ടൂരിൽ ഏറ്രുമുട്ടലിലൂടെ എക്സൈസ് സംഘം കീഴ്പ്പെടുത്തിയപ്പോൾ

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നിന്ന് 20 കോടി വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ ജോർജ് കുട്ടി അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ ജോർജ് കുട്ടിയെ ഈ മാസം 4 ന് തെളിവെടുപ്പിന് ബംഗളൂരുവിൽ എത്തിച്ചപ്പോഴാണ് മജിസ്റ്റിക്കിൽ വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്. കസ്റ്രഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ആന്ധ്രയിലേക്ക് കടന്നു. ആന്ധ്രയിലും കർണാടകയിലുമായി ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ജോർജ് കുട്ടി ബംഗളൂരുവിൽ എത്തിയതായി വിവരം ലഭിച്ചു. എക്സൈസ് കമ്മിഷണർ അനന്ത കൃഷ്ണന്റെ നിർദ്ദേശാനുസരണം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ, കൃഷ്ണകുമാർ, പ്രദീപ് റാവു,കെ.വി. വിനോദ്,ടി.ആർ.മുകേഷ് കുമാർ പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് ബംഗളൂരുവിൽ എത്തി. ബംഗളൂരുവിലെ ഒളിത്താവളം മനസിലാക്കിയ എക്സൈസ് സംഘം അവിടെയെത്തിയെങ്കിലും ജോർജ് കുട്ടി രക്ഷപ്പെട്ടു. ഒളിത്താവളത്തിലുണ്ടായിരുന്ന കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ജോർജ് കുട്ടി മലപ്പുറം വണ്ടൂരിലുള്ള രണ്ടാം ഭാര്യയുടെ വീട്ടിൽ എത്തിയതായി മനസിലാക്കി.

photo1
ജോർജ് കുട്ടി എക്സൈസ് ഇൻസ്പെക്ടറെ വെടിവയ്ക്കാനുപയോഗിച്ച തോക്ക്

തുടർന്ന് ഇവരുമായി മലപ്പുറത്തേക്ക് തിരിച്ചു.റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിൽ ഒരു വലിയ പാറയ്ക്ക് മുകളിലാണ് കോളനി. ബംഗളൂരുവിൽ നിന്നെത്തിയ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം എക്സൈസ് കമ്മിഷണർ സ്ക്വാഡും നിലമ്പൂർ എക്സൈസ് സംഘവും ജോർജ് കുട്ടിയുടെ ഭാര്യയും മകളും താമസിക്കുന്ന വണ്ടൂർ വാണിയമ്പലത്തെ കോളനിയിലെത്തി.വീടുവളഞ്ഞ് ജോ‌ർജ് കുട്ടിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയ ജോർജ് കുട്ടി കൈവശംകരുതിയിരുന്ന പിസ്റ്റളുപയോഗിച്ച് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. അടുക്കള വാതിൽ വളഞ്ഞുനിൽക്കുകയായിരുന്നു നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനോജ്. മനോജിനെ കാൽമുട്ടിൽ വെടിവച്ച് വീഴ്ത്തിയശേഷം ഒപ്പമുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയും വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു ജോ‌ർജ് കുട്ടി ശ്രമിച്ചത്. എന്നാൽ പിൻമാറാൻ കൂട്ടാക്കാതെ എക്സൈസ് സംഘം റിവോൾവർ ചൂണ്ടിയും ലാത്തിഉപയോഗിച്ചും ജോർജ്കുട്ടിയെ നേരിട്ടു.

എക്സൈസിന്റെ പ്രത്യാക്രമണത്തിൽ പകച്ചുപോയ ജോർജ് കുട്ടിയെ ബലംപ്രയോഗിച്ച് എക്സൈസ് കീഴ്പ്പെടുത്തി. എക്സൈസുമായുണ്ടായ ഏറ്റുമുട്ടലിൽ ജോർജ് കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമികശുശ്രൂഷ നൽകിയശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറണ്ട് വാങ്ങിയശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. ഹാഷിഷ് കേസിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം എക്സൈസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിന് ബംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്തകേസിലും വണ്ടൂരിൽ എക്സൈസ് ഉദ്യോഗസ്ഥനെ വെടിവച്ച കേസിൽ വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ജോർജ് കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കോട്ടയത്ത് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിലും ജോർജ് കുട്ടി പ്രതിയാണ്.