തിരുവനന്തപുരം: അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളം കുടുങ്ങിയ മൂന്നരവയസുകാരിയെ ഫയർഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തു. പേരൂർക്കട വഴയില ഐശ്വര്യ ഗാർഡൻസിലെ പാലവിളയ്‌ക്കൽ ഹൗസിൽ സുചിത്രയുടെ മകളാണ് മുറിക്കുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കുട്ടിയെ രണ്ടാം നിലയിലെ മുറിയിലാക്കിയശേഷം സുചിത്ര അടുക്കളയിലേക്ക് പോയി. ഇതിനിടെ കുട്ടി അബദ്ധത്തിൽ വാതിൽ വലിച്ചതോടെ പൂട്ട് വീഴുകയായിരുന്നെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ നിഗമനം.
സുചിത്ര കുഞ്ഞിനെ അന്വേഷിച്ച് തിരികെ മുറിയിലെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടിലെ മറ്റുള്ളവരും അയൽവാസികളും ചേർന്ന് വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ പൂട്ടിന്റെ പിടി ഒടിയുകയായിരുന്നു. തുടർന്ന് ചെങ്കൽചൂള ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ലീഡിംഗ് ഫയർമാൻ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ടെറസിലൂടെ പിൻവാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചാണ് കുട്ടിയെ രക്ഷിച്ചത്.കുട്ടി പൂർണ ആരോഗ്യവതിയാണ്.