തിരുവനന്തപുരം: ഇന്ന് കർക്കടകവാവ്. ''ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ...'' എന്നു തുടങ്ങുന്ന മന്ത്രം ചൊല്ലി സംസ്ഥാനത്തെമ്പാടുമുള്ള പുണ്യകേന്ദ്രങ്ങളിലും സ്നാനഘട്ടങ്ങളിലും, പിതൃമോക്ഷം തേടി പതിനായിരങ്ങൾ ബലിതർപ്പണം ചെയ്തുതുടങ്ങി. പുലർച്ചെ 2.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ബലിതർപ്പണം.
പിതൃക്കളുടെ ആത്മാക്കളെ തൃപ്തമാക്കാൻ ദർഭയും നീരും ചേർത്ത് ബലിച്ചോർ നിവേദിച്ചുള്ള തർപ്പണത്തിന് പുലർച്ചെ മുതൽ എല്ലായിടത്തും വൻതിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ടു വരെ ബലിയർപ്പിക്കാനുള്ള സൗകര്യവും ചിലയിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുംമുഖം, വർക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളാണ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ. ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കുന്നുണ്ട്.