ggg

നെയ്യാറ്റിൻകര: വരുമാന വർദ്ധനവിൽ കെ.എസ്.ആർ.ടി.സിയുടെ മാതൃകാ ഡിപ്പോയായ നെയ്യാറ്റിൻകരയിലെ വനിതാ കണ്ടക്ടർ ബസിൽ നിന്നും കളഞ്ഞുകിട്ടിയ 36000 രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. നെയ്യാറ്റിൻകര - മൂന്നാർ സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടറായ എസ്. ശ്യാമളയാണ് തേയില വ്യാപാരവുമായി ബന്ധപ്പെട്ട് മൂന്നാറിലേക്ക് വന്ന ജാർഖണ്ഡ് സ്വദേശി അനിൽ പ്യാർ യാദവിന് നഷ്ടപ്പെട്ട പണം തിരികെ നൽകിയത്. രാത്രി ബസിലിരുന്ന് ഉറങ്ങി പോയ യാത്രികന്റെ പോക്കറ്റിൽ നിന്നും റബർ ബാൻഡ് ഇട്ട് സൂക്ഷിച്ച നോട്ട് കെട്ട് താഴെവീണുപോകുകയായിരുന്നു. പിന്നീട് ഇത് കണ്ടെത്തിയ ശ്യാമള ഡ്രൈവറുടെ സാന്നിദ്ധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തിയ ശേഷം വിവരം കൺട്രോൾ റൂമിലും മൂന്നാർ, നെയ്യാറ്റിൻകര ഡിപ്പോകളിലും അറിയിച്ച ശേഷം കാഷ് ബാഗിൽ സൂക്ഷിച്ച് രാത്രി നെയ്യാറ്റിൻകര ഡിപ്പോയിൽ അടയ്ക്കുകയായിരുന്നു. ഭാഷ വശമില്ലാത്ത അനിൽ പ്യാർ യാദവ് മൂന്നാർ ഡിപ്പോയിൽ കരഞ്ഞുകൊണ്ടെത്തുകയായിരുന്നു. അധികൃതർ കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ പത്തോടെ ഇയാൾ നെയ്യാറ്റിൻകര ഡിപ്പോയിലെത്തി. ടിക്കറ്റും യാത്രക്കാരനെയും ശ്യാമളയുടെ സഹായത്തോടെ തിരിച്ചറിഞ്ഞതിനെ തുടർന്ന് നെയ്യാറ്റിൻകര എ.ടി.ഒ പള്ളിച്ചൽ സജീവ് യാത്രികന് തുക കൈമാറി. കണ്ടക്ടർ ശ്യാമള, സൂപ്രണ്ട് രശ്മി രമേഷ്, ഇൻസ്പെക്ടർമാരായ സുശീലൻ മണവാരി, സതീഷ് കുമാർ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ. രഞ്ജിത്ത്, എസ്. ബാലചന്ദ്രൻ നായർ, ജി. ജിജോ, എൻ.എസ്. വിനോദ്, രണജിത്ത് എന്നിവർ പങ്കെടുത്തു. മുൻപ് യാത്രക്കിടയിൽ അവശനായ യാത്രികനെ പന്തളം മിഷൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിന് പ്രശംസ നേടിയ കണ്ടക്ടറാണ് നെയ്യാറ്റിൻകര സ്വദേശി ശ്യാമള. കേരള പൊലീസ് സി.ഐ ഡി.എ. മോഹൻദാസിന്റെ ഭാര്യയാണ്.