കുശുമ്പും കുന്നായ്മയും വൈരാഗ്യവുമൊക്കെ മനുഷ്യ സ്വഭാവത്തിൽ സാധാരണമാണെങ്കിലും ഈ വക സ്വഭാവദൂഷ്യങ്ങളിൽ നിന്ന് ഭരണകൂടങ്ങൾ പൂർണമായും മുക്തമാകേണ്ടതുണ്ട്. സർക്കാർ സർവീസിലുള്ളവരിൽ തെറ്റുകുറ്റങ്ങൾ ധാരാളം കണ്ടേക്കും. ചട്ടവും നിയമവുമൊക്കെ അനുസരിക്കാത്ത നിഷേധികളുമുണ്ടാകും. അത്തരക്കാർക്കെതിരെ ചട്ടമനുസരിച്ച് നടപടി കൈക്കൊള്ളാൻ സർക്കാരിന് അധികാരവുമുണ്ട്. എന്നാൽ വൈരാഗ്യബുദ്ധിയോടെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനെതിരെ സർക്കാർ നിരന്തരം തിരിയുന്നത് ഒട്ടും ഭൂഷണമല്ല.
ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരെ സർക്കാർ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന ആക്ഷേപം കാമ്പുള്ളതു തന്നെയാണ്. ഒന്നര വർഷത്തിനിടെ മൂന്നുവട്ടമാണ് അദ്ദേഹം സസ്പെൻഷനിലായത്. സേവനം മതിയാക്കി സ്വയം വിരമിക്കാനുള്ള ആഗ്രഹം പോലും നടക്കാതിരുന്നത് സർക്കാരിന്റെ പിടിവാശി ഒന്നുകൊണ്ടുമാത്രമാണ്. ഉന്നതസ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥനെ ഒറ്റയടിക്ക് ദീർഘകാലം സസ്പെൻഷനിൽ നിറുത്തുന്നത് സർവീസ് ചട്ടങ്ങൾക്ക് എതിരായിട്ടും ജേക്കബ് തോമസ് 2017 ഡിസംബർ മുതൽ പുറത്തു നിൽക്കുകയാണ്.
സർക്കാരിന് വഴങ്ങാത്ത ഉദ്യോഗസ്ഥനെ താക്കോൽ സ്ഥാനങ്ങളിൽ വച്ചുകൊണ്ടിരിക്കാൻ ഒരു സർക്കാരും തയ്യാറാവുകയില്ലെന്നത് ശരിയാകാം. എന്നാൽ ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാർ നിരന്തരം കൈക്കൊണ്ട നടപടികളിൽ പ്രതികാരമോ പകവീട്ടലോ പ്രകടമായിരുന്നു. സർക്കാരിനെ വിമർശിച്ചതിനാണ് ആദ്യത്തെ സസ്പെൻഷൻ. പിന്നീട് അതു തുടരാനായി സർക്കാർ പുതിയ കാരണങ്ങൾ കണ്ടെത്തുകയായിരുന്നു. പുസ്തകമെഴുതിയതിന്റെ പേരിൽപ്പോലും കുറ്റപത്രം ചമച്ചു. ഔദ്യോഗിക രഹസ്യങ്ങൾ പരസ്യമാക്കി എന്നായിരുന്നു ചാർജ് ഷീറ്റ്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ "എന്ന ജേക്കബ് തോമസിന്റെ പുസ്തകം വായിച്ചിട്ടുള്ള ആരും സർക്കാരിന്റെ നിലപാടിനോട് യോജിക്കുമെന്നു തോന്നുന്നില്ല. ഏതായാലും ജേക്കബ് തോമസിന് അനുകൂലമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധി പലതുകൊണ്ടും ശ്രദ്ധേയമാണ്. സസ്പെൻഷൻ അടിയന്തരമായി പിൻവലിച്ച് ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. സംസ്ഥാന പൊലീസിൽ ഏറ്റവും ഉന്നത പദവിക്ക് അർഹനായ അദ്ദേഹത്തെ പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ നിയമനം നൽകണമെന്നാണ് നിർദ്ദേശം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ നിയമനടപടിക്ക് തന്നെയാണ് സർക്കാർ ഒരുങ്ങുന്നതെന്നു സൂചനകളുണ്ട്. അതിനർത്ഥം ജേക്കബ് തോമസിന് ഇനിയും പോരാട്ടം തുടരേണ്ടി വരുമെന്നാണ്. ട്രൈബ്യൂണലിന്റെ വിധി മാനിച്ച് ഉടൻ നിയമനം നൽകുന്നത് സർക്കാരിന് വലിയ ക്ഷീണമാകുമെന്നതിൽ തർക്കമില്ല. വിധിക്കെതിരെ അപ്പീൽ പോയാൽ നിയമന നടപടി നീട്ടിക്കൊണ്ടു പോകാനാകും. കേസിൽ തോറ്റെങ്കിലും നിയമവഴികൾ ഇനിയും വിശാലമായി തുറന്നു കിടപ്പുള്ളതിനാൽ ഏതറ്റം വരെയും പോകാൻ സർക്കാരിനാകും. ഖജനാവ് നന്നേ ശോഷിച്ചതാണെങ്കിലും ഇത്തരം ആവശ്യങ്ങൾക്കായി ധാരാളിത്തം കാട്ടാനാവശ്യമായ പണം ഇപ്പോഴും ശേഷിപ്പുണ്ട്.
പിണറായി സർക്കാർ അധികാരമേറ്റ ഉടൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ കാര്യത്തിലുണ്ടായതു പോലുള്ള തിരിച്ചടിയാകും ജേക്കബ് തോമസിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നതെന്ന് ഏറക്കുറെ തീർച്ചയാണെങ്കിലും ഒട്ടും വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന നിലപാടിലാണ് സർക്കാർ എന്ന് തോന്നുന്നു. ഏറ്റവും സീനിയറായ ഒരു ഐ.പി.എസ് ഓഫീസറെ തുടർന്നും സർവീസിനു പുറത്തു നിറുത്താൻ മതിയായ കാരണമൊന്നുമില്ലെന്ന് സർക്കാരിനു തന്നെ ബോദ്ധ്യമുണ്ട്. ഇതുവരെ കൈക്കൊണ്ട ശിക്ഷാ നടപടികൾ സാധൂകരിക്കാനുള്ള വെപ്രാളമോ ബുദ്ധിശൂന്യതയോ ആവാം ഇനിയും കൈക്കൊള്ളാനിടയുള്ള നിയമവഴികൾ. സർക്കാർ തന്നോട് വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന ആക്ഷേപം അഡ്മിനിസ്ട്രേറ്റീവ് കമ്മിഷനും ശരിവച്ചിട്ടുണ്ട്. തുടർച്ചയായ സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് തീർത്തും എതിരാണെന്ന് അറിഞ്ഞിട്ടും അതിനു തുനിഞ്ഞത് പകയും വൈരാഗ്യവും വച്ചുകൊണ്ടു തന്നെയാണ്. ജേക്കബ് തോമസിന്റെ സസ്പെൻഷനു കാരണമായി സർക്കാർ ഉന്നയിച്ച ആരോപണങ്ങൾ സ്ഥാപിച്ചെടുക്കാൻ ഒരു നടപടിയും ഇതുവരെ എടുക്കാതിരുന്നതു തന്നെ സർക്കാരിന്റെ മനസിലിരുപ്പ് വ്യക്തമാക്കുന്നുണ്ട്. ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടിയതുപോലെ ആരോപണങ്ങളിലെ സത്യം കണ്ടെത്തണമെന്ന് സർക്കാരിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ലെന്ന് വെളിവാക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട ഓരോ നടപടിയും. ഇനിയും ഒരു വർഷത്തെ സർവീസ് ശേഷിക്കുന്ന മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ തുടർന്നും പുറത്തുതന്നെ നിറുത്തണമെന്ന പിടിവാശി വ്യക്തികൾക്കാകാമെങ്കിലും സർക്കാരിനു ഒട്ടും ഭൂഷണമല്ല. ഭരണ തലപ്പത്തുള്ള ഐ.എ.എസുകാരുമായുള്ള ഇടച്ചിലിൽ നിന്നാണ് ജേക്കബ് തോമസിന്റെ ശനിദശയുടെ തുടക്കം. വിജിലൻസ് ഡയറക്ടറായിരിക്കെ അദ്ദേഹത്തിന്റെ ചില അന്വേഷണങ്ങൾ അവരെ നന്നായി അലോസരപ്പെടുത്തിയെന്നത് പരസ്യമായ കാര്യമാണ്. ആർക്കും വഴങ്ങാത്ത വ്യക്തിത്വം സർവീസിൽ കനത്ത ബാദ്ധ്യതയാകുമെന്ന് അറിയാത്തയാളല്ല ജേക്കബ് തോമസ്. ഒറ്റയാനായി നിന്ന് പോരാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പുറത്താക്കിയാലും കൂസലന്യേ നേരിടാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിന്റെ സ്വഭാവ വിശേഷമാണ്. സർക്കാരിന് അനഭിമതനായ ഒരുദ്യോഗസ്ഥനെ പുറത്താക്കാൻ ഏതറ്റംവരെ സർക്കാർ നീങ്ങുമെന്നതിനു തെളിവാണ് ജേക്കബ് തോമസിനെതിരായ നടപടികൾ.