തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിൽ മുൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും മുറി ലഭിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണെന്ന പരാതി പരിഹരിക്കുന്നതിന് നിയമസഭാ വളപ്പിൽ സ്‌പീക്കറുടെ ഔദ്യോഗികവസതിക്ക് സമീപം പുതിയ അതിഥിമന്ദിരം നിർമ്മിക്കാൻ ആലോചന. 16221.2 ചതുരശ്രയടി വിസ്‌തൃതിയുള്ള മന്ദിരം ചെലവ് കുറഞ്ഞ പ്രീ ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമ്മിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. രേഖകൾ സഹിതം ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് താത്പര്യപത്രം സമർപ്പിക്കണം.
ബേസ്‌മെന്റ് ഫ്ലോർ 2 - 936.46 ചതുരശ്രയടി, ബേസ്‌മെന്റ് ഫ്ലോർ 1- 3853.4 ചതുരശ്രയടി, താഴത്തെ നില - 4014 ചതുരശ്രയടി, ഒന്നാം നില - 3853.4 ചതുരശ്രയടി, ടെറസ് ഫ്ലോർ - 312 ചതുരശ്രയടി, ഓപ്പൺ വർക്ക് സ്‌പേസ് - 2917 ചതുരശ്രയടി, പോർച്ച് - 333.7 ചതുരശ്രയടി എന്നിങ്ങനെയാണ് പ്ലാൻ.
ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും സ്‌പീക്കറുടെ അതിഥികളായെത്തുന്നവർക്കും മറ്റും മിക്കപ്പോഴും സർക്കാർ ഗസ്റ്റ്ഹൗസിൽ മുറി ലഭ്യമാകണമെന്നില്ല. പുറത്ത് നക്ഷത്രഹോട്ടലുകളിൽ മുറിയെടുത്ത് താമസിപ്പിക്കുന്നതിന് വലിയ വാടക നൽകണം. ഈ സാഹചര്യത്തിൽ അതിഥികളെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ മന്ദിരം ഉദ്ദേശിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് ആലോചിച്ച പദ്ധതിയായിരുന്നെങ്കിലും പിന്നീട് മരവിപ്പിക്കപ്പെട്ടിരുന്നു. എം.എൽ.എ ഹോസ്റ്റലിലെ പഴയ പമ്പ ബ്ലോക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മുറികൾക്കുള്ള ക്ഷാമവും വർദ്ധിച്ചു.