തിരുവനന്തപുരം: സസ്പെൻഷന് മേൽ സസ്പെൻഷനും ക്രിമിനൽ കേസുമായി തളച്ചിടാൻ നോക്കിയ സർക്കാരിനെതിരെ ത്രിമുഖ തന്ത്രമാണ് ഡി.ജി.പി ജേക്കബ് തോമസ് പയറ്റുന്നത്. 19 മാസം സസ്പെൻഷനിൽ സേനയ്ക്ക് പുറത്തുനിറുത്തിയ ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ നിയമന ഉത്തരവ് ഒപ്പിടീക്കുകയെന്നതാണ് ആദ്യത്തേത്. സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായ തനിക്ക് യോജിച്ച നിയമനം ലഭിച്ചില്ലെങ്കിൽ, അത് സ്വീകരിക്കാതെ നേരത്തേ നൽകിയ സ്വയംവിരമിക്കൽ അപേക്ഷയുമായി മുന്നോട്ടുപോവുകയാണ് അടുത്തത്. തനിക്കെതിരെയെടുത്ത ക്രിമിനൽ, വിജിലൻസ് കേസുകൾ റദ്ദാക്കിയെടുത്ത് സർക്കാരിന് തിരിച്ചടി നൽകുകയാണ് മറ്റൊന്ന്. സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെ ഈ മൂന്ന് നീക്കങ്ങളും ജേക്കബ് തോമസ് ശക്തമാക്കി.
അഖിലേന്ത്യാ സർവീസ് ചട്ടലംഘനത്തിന് അച്ചടക്കനടപടിയേ പാടുള്ളൂ. ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ക്രിമിനൽ വിചാരണയ്ക്ക് വിധേയനാക്കണമെന്ന് ലോകായുക്തയാണ് അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ലോകായുക്തയുടെ ശുപാർശ പ്രകാരം കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ പൊലീസിന് അധികാരമില്ല.
1. നിയമനം
2020 മേയ് വരെ സർവീസുണ്ടെങ്കിലും അപ്രധാന കസേരയിലിരുന്ന് വിരമിക്കാൻ ജേക്കബ് തോമസിന് താത്പര്യമില്ല. കേന്ദ്രസർക്കാർ അംഗീകരിച്ച പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ കേഡർ തസ്തികകളിലൊന്നിൽ നിയമിക്കണമെന്നാണ് ആവശ്യം.
2. വിരമിക്കൽ
തനിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് കാട്ടി സ്വയംവിരമിക്കാനുള്ള അപേക്ഷ സർക്കാർ അനുവദിച്ചില്ല. ഇതിനെതിരെ കേന്ദ്രസർക്കാരിന് അപ്പീൽ നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരെടുക്കുന്ന തീരുമാനം അംഗീകരിക്കും.
3. നിയമയുദ്ധം
അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചതിന് ക്രൈംബ്രാഞ്ചെടുത്ത ക്രിമിനൽ കേസും, തുറമുഖവകുപ്പിലെ ഡ്രഡ്ജർ പർച്ചേസിലെടുത്ത വിജിലൻസ് കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സർവീസ് ചട്ടലംഘനമുണ്ടായാൽ ക്രിമിനൽകേസല്ല, അച്ചടക്കനടപടിയാണ് എടുക്കേണ്ടതെന്നും ഡ്രഡ്ജർ പർച്ചേസിൽ അഴിമതിക്ക് തെളിവില്ലെന്ന് കണ്ട് വിജിലൻസും കോടതികളും നേരത്തേ തള്ളിയതാണെന്നും അദ്ദേഹം ഹൈക്കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
''സർക്കാർ നല്ല തീരുമാനമെടുക്കട്ടെ, അപ്പോൾ ഇവയിലേത് സ്വീകരിക്കണമെന്ന് നോക്കാം. വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിൽ എല്ലാം തുറന്നുപറയും''
-ജേക്കബ് തോമസ്