ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് മൂന്ന് കുട്ടികൾ കൂടി ഇന്നലെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പ്രണവ് (17), അബിൻ (17), നന്ദകുമാർ (17) എന്നിവരാണ് ചികിത്സ തേടിയത്. ഈ വർഷമാണ് ഇവർ ഹോസ്റ്റലിലെത്തിയത്. വയറിളക്കം, ഛർദ്ദി എന്നീ പ്രശ്‌നങ്ങൾ കാരണം തിങ്കളാഴ്ച എട്ട് കുട്ടികളും രണ്ടുദിവസം മുമ്പ് ആറ് കുട്ടികളും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഭക്ഷ്യസുരക്ഷാവിഭാഗം ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തി. കുട്ടികൾ ആരും കാണാതെ പുറത്തുനിന്ന് ആഹാരം കഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും അതാവാം പ്രശ്‌നമെന്നും ഹോസ്റ്റൽ അധികൃതർ പറഞ്ഞു.