തിരുവനന്തപുരം : ''ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി' വയലാറിന്റെ പ്രശസ്തമായ ഗാനം രമ്യ ഹരിദാസ് എം.പി പാടി മുഴുവിക്കും മുൻപേ സദസിൽ നിന്നു നിറഞ്ഞ കൈയടി. പാട്ടിനൊപ്പം താളം പിടിച്ചിരുന്ന ഉമ്മൻചാണ്ടിയും എം.എം. ഹസനും രമ്യയെ അനുമോദിച്ചു. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് സി. മോഹനചന്ദ്രന്റെ സ്മരണാർത്ഥം നൽകിയ സമ്മോഹനം പുരസ്കാരം ഗാന്ധിഭവനിൽ ഏറ്റുവാങ്ങിയ ശേഷം സദസ്യരുടെ നിർബന്ധത്തിന് വഴങ്ങിയാണ് രമ്യ പാടിയത്. പാടാൻ ബുദ്ധിമുട്ടാണെന്നും തൊണ്ടയ്ക്ക് സുഖമില്ലെന്നും പറഞ്ഞെങ്കിലും രമ്യയെ സദസിലിരുന്നവർ വിട്ടില്ല.
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ള തനിക്ക് പീഡിതരുടെയും സ്ത്രീകളുടെയും മുഖം എന്നും ഓർമ്മയുണ്ടാകുമെന്ന് അവാർഡ് ഏറ്റുവാങ്ങി രമ്യ പറഞ്ഞു. തെറ്റുകൾ വന്നേക്കാം, പോരായ്മകൾ തിരുത്തി മുന്നോട്ടുപോകാൻ പാർട്ടിയും സമൂഹവും ഉണ്ടാകുമെന്ന വിശ്വാസമാണ് തന്റെ ബലമെന്നും അവർ പറഞ്ഞു. അവാർഡിനൊപ്പം തനിക്ക് കിട്ടിയ 25000 രൂപ ആലത്തൂരിലെ വൃക്കരോഗികൾക്ക് സഹായമായി നൽകുമെന്ന് രമ്യ പറഞ്ഞു.
പാട്ടുംപാടി വിജയിക്കുക എന്നത് കോട്ടയത്തുള്ള ഒരു പ്രയോഗമാണെന്നും അക്ഷരാർത്ഥത്തിൽ പാട്ടുംപാടി വിജയിച്ചയാളാണ് രമ്യയെന്നും അവാർഡ് സമ്മാനിച്ചുകൊണ്ട് ഉമ്മൻചാണ്ടി പറഞ്ഞു.
സമ്മോഹനം പ്രസിഡന്റ് വിതുര ശശി അദ്ധ്യക്ഷനായി . ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അഡ്വ. ജ്യോതി വിജയകുമാർ, ഷാനവാസ് ആനക്കുഴി, പിരപ്പൻകോട് സുഭാഷ്, ടി.പി. അംബി രാജ, പാങ്ങപ്പാറ അശോകൻ, എസ്. മനോഹരൻ നായർ, സി.കെ. വത്സലകുമാർ, എൻ.കെ. വിജയകുമാർ, ബി. രാജൻ, മോളി അജിത്, ലക്ഷ്മി സുഭാഷ്, എ.കെ. വഹീദ ബീഗം, ആയിഷ നസീം, മുരുക്കുംപുഴ സി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എൻ. സുദർശനൻ, കാട്ടാക്കട സുബ്രഹ്മണ്യൻ, അണിയൂർ എം. പ്രസന്നകുമാർ, ബി.എൽ. കൃഷ്ണപ്രസാദ്, പ്രശാന്ത് നഗർ സുരേഷ് എന്നിവരെയും ആദരിച്ചു.