dogs

വിതുര : തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും അധികൃതർ അനങ്ങുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രധാന ജംഗ്ഷനിലെല്ലാം ശല്യം രൂക്ഷമായതിനാൽ ഇവയെ പേടിച്ച് നാട്ടുകാർക്ക് വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. റോഡുകളിലും വീട്ട് പരിസരത്തുമൊക്കെ ചുറ്റിത്തിരിയുന്ന നായ്ക്കളിൽ പലതിനും പേ വിഷബാധയുണ്ടെന്നും നാട്ടുകാർ പറയുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിനിരയായി. വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ നായ്ക്കളുടെ കടി ഉറപ്പാണ്. ആശുപത്രി പരിസരത്ത് കൂടാതെ ആശുപത്രിക്കകത്ത് വരെ നായകൾ കിടക്കുന്നത് കാണാം. തൊളിക്കോട് പഞ്ചായത്തിലും വിതുര പഞ്ചായത്തിലുമായി മൂന്ന് വീടുകളിൽ തെരുവ് പട്ടികൾ കയറി കുട്ടികളെയടക്കം നാല് പേരെ കടിച്ച് പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായി. വന്ധ്യംകരണം നടത്തുന്നതിനായി വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നും നായകളെ പിടികൂടി കൊണ്ടുപോകാറുണ്ട്. പത്തോ, ഇരുപതോ നായകളെ പിടികൂടി കൊണ്ടു പോയാൽ വന്ധ്യംകരണം കഴിഞ്ഞ് ഇതിന്റെ ഇരട്ടിയിലേറെ നായ്ക്കളെ കൊണ്ടിറക്കുന്നതായാണ് പരാതി. ഇവ വീടുകളിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയാണെന്നും നാട്ടുകാർ പറയുന്നു.

വളർത്തുമൃഗങ്ങളുടെ കാലൻ

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ തേവൻപാറ, ഭദ്രംവച്ചപാറ, നാഗര, പുളിച്ചാമല, പരപ്പാറ, ചായം, ചെറ്റച്ചൽ, ആനപ്പാറ, കല്ലാർ മേഖലകളിൽ തെരുവ്നായ്‌ക്കൾ ആടുകളെയും, കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

മാലിന്യത്തിൽ വിഹരിച്ച് നായകൾ

പൊൻമുടി - വിതുര റോഡിന്റെ മിക്ക ഭാഗത്തും വൻതോതിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. ഇറച്ചി വില്പനശാലകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഏറെയും. ഇവ തിന്ന് കൊഴുത്ത നായ്ക്കൾ പിന്നീട് റോഡിലൂടെ സഞ്ചരിക്കുന്നവരെ കൂട്ടത്തോടെ ആക്രമിക്കുകയാണ്.

ടൂറിസ്റ്റുകളും ബുദ്ധിമുട്ടിൽ

പൊൻമുടിയിലേക്കുള്ള വിനോദസഞ്ചാരികളും തെരുവ്നായ ശല്യം മൂലം ബുദ്ധിമുട്ടുകയാണ്. ടൂറിസ്റ്റുകളെ നായകൾ കടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പൊൻമുടി, കല്ലാർ, ബോണക്കാട് ടൂറിസം മേഖലകളിലാണ് നായ ശല്യം കൂടുതലുള്ളത്.