കഴക്കൂട്ടം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരോധനം മറികടന്ന് ഉൾക്കടലിൽ ലൈറ്റ് ഫിഷിംഗ് നടത്തി കിട്ടിയ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം പ്രതിഷേധത്തെ തുടർന്ന് തിരികെ കടലിൽ തള്ളി. ഇന്നലെ രാവിലെ കഠിനംകുളം മര്യനാട് തീരത്തായിരുന്നു സംഭവം. പ്രദേശവാസികളായ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളെ അവഗണിച്ചുകൊണ്ട് അമ്പതോളം പേരാണ് വെളിച്ചം കൂടിയ ലൈറ്റുകൾ ഘടിപ്പിച്ച പത്തിലധികം വള്ളങ്ങളിൽ കഴിഞ്ഞദിവസം രാത്രി ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയത്. ഇന്നലെ പുലർച്ചെ മത്സ്യവുമായി തിരിച്ചെത്തിയ നാലു വള്ളങ്ങൾ മര്യനാട്ടെ പ്രദേശവാസികളായ നൂറോളം മത്സ്യത്തൊഴിലാളികൾ വളഞ്ഞുവയ്ക്കുകയും ലേലം തടസപ്പെടുത്തുകയുമായിരുന്നു. ഇത് മണിക്കൂറോളം സംഘർഷത്തിനിടയാക്കി. കഠിനംകുളം പൊലീസും ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റുഗാർഡും സ്ഥലത്തെത്തി മര്യനാട് ചർച്ചിലെ ഇടവകക്കാരുമായി ചർച്ച നടത്തി. തുടർന്ന് മത്സ്യബന്ധനത്തിനു പോയവരെക്കൊണ്ടുതന്നെ ലഭിച്ച മത്സ്യങ്ങളെ തിരിച്ച് കടലിൽ തള്ളിക്കുകയായിരുന്നു. ഇതിനിടെ താഴംപള്ളിയിലെത്തിയ വള്ളത്തിലെ മത്സ്യം നാട്ടുകാർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടത്തെ സംഘർഷം മണത്തറിഞ്ഞ മറ്റു വള്ളങ്ങൾ മീനുമായി ദൂര സ്ഥലത്തേക്ക് രക്ഷപ്പെടുകയായിരുന്നു. വള്ളങ്ങളിൽ ഘടിപ്പിച്ച ലൈറ്റുകളും ബാറ്ററിയും മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു.