img

വർക്കല: ഇടതുപക്ഷത്തെ ഇല്ലാതാക്കാനാണ് ആർ.എസ്.എസും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗവും സി.പി.എം വർക്കല ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച എസ്. കൃഷ്‌ണൻകുട്ടി കുടുംബസഹായ ഫണ്ട് കുടുംബത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ എതിർക്കാനാകാതെ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുകയാണ്. പ്രസിഡന്റില്ലാത്ത അവസ്ഥ കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമാണെന്നും കോടിയേരി പറഞ്ഞു. കൃഷ്ണൻകുട്ടിയുടെ ഭാര്യ വിജയലക്ഷ്മിയും മകൾ അനാമികയും ഫണ്ട് കോടിയേരി ബാലകൃഷ്‌ണനിൽ നിന്ന് ഏറ്റുവാങ്ങി. 15 ലക്ഷം രൂപയാണ് കുടുംബത്തിനായി സി.പി.എം സ്വരൂപിച്ചത്. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എ. സമ്പത്ത്, ബി.പി. മുരളി, എസ്. ഷാജഹാൻ, എസ്. സുന്ദരേശൻ, എസ്. രാജീവ്, കെ.എം. ലാജി, ബിന്ദു ഹരിദാസ്, എം.കെ. യൂസഫ്, വി. സത്യദേവൻ എന്നിവർ സംസാരിച്ചു.