തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിവാദ ഇടിമുറി ഒടുവിൽ ഇംഗ്ലീഷ് എം.എ വിഭാഗത്തിന്റെ ക്ലാസ് മുറിയാക്കി മാറ്റി. എം.എ ആദ്യ സെമസ്റ്റർ വിദ്യാർത്ഥികൾക്കുള്ള ക്ലാസും ഇവിടെ ആരംഭിച്ചു. ഇടിമുറിയോട് ചേർന്ന ടോയ്ലെറ്റാകട്ടെ തേച്ച് മിനുക്കി പുനരുദ്ധരിച്ച് ഐ.ടി സെല്ലാക്കി. ക്ലാസ് മുറികളുടെ കുറവ് കോളേജിനെ വലച്ചിരുന്നു. പ്രത്യേകിച്ച് ഇംഗ്ലീഷ് വിഭാഗത്തെ. ഇതിനെത്തുടർന്നാണ് പ്രിൻസിപ്പൽ സി.സി.ബാബു മുറി ഇംഗ്ലീഷ് വിഭാഗത്തിനായി അനുവദിച്ചത്. കത്തിക്കുത്തടക്കം അനിഷ്ട സംഭവങ്ങൾ കോളേജിലുണ്ടായതിന്റെ പശ്ചാത്തലത്തിൽ വിവാദ മുറി അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ശുചീകരിച്ച് പുതിയ വാതിൽ ഘടിപ്പിച്ച് മുറിയുടെ താക്കോൽ പ്രിൻസിപ്പൽ സൂക്ഷിക്കുകയായിരുന്നു.