papnasam

വർക്കല: കർക്കടകവാവ് പ്രമാണിച്ച് വർക്കല പാപനാശത്ത് ബലിതർപ്പണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച വൈകുന്നേരമായതോടെ നോമ്പ് നോറ്ര് വ്രതശുദ്ധിയോടെ ബലിതർപ്പണത്തിനെത്തുന്നവരുടെ തിരക്കും ആരംഭിച്ചു. ജനാർദ്ദന സ്വാമി ക്ഷേത്ര പരിസരത്തും മറ്റുമായി ക്യാമ്പു ചെയ്യുന്ന ഭക്തജനങ്ങൾ ഇന്ന് പാപനാശത്ത് പിതൃമോക്ഷത്തിനായി ബലികർമ്മങ്ങൾ അനുഷ്ടിച്ച് മടങ്ങും. വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാന സർക്കാരിന്റെ വിവധ വകുപ്പുകളും ദേവസ്വം ബോർഡും ഏർപ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രത്തിൽ തിലഹവനത്തിനായി 12ഓളം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേൽശാന്തിമാരായ സത്യനാരായണൻ പോറ്റി നാരായണ ശബരായ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ. പാപനാശം ബലിമണ്ഡപത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീരത്ത് ദേവസ്വം ബോർഡ് ലൈസൻസ് നൽകിയ ഇരുന്നൂറോളം തന്ത്റിമാരുടെ നേതൃത്വത്തിലും ബലിതർപ്പണ ചടങ്ങുകൾ നടക്കും. വെളുപ്പിന് 3 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഭക്തജനങ്ങളുടെ യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്റണവും ഏർപെടുത്തി. പാപനാശത്ത് കടൽ പ്രക്ഷുബ്ധമായതിനാൽ ഭക്തർ മുൻകരുതലെടുക്കണമെന്നും നഗരസഭയുടെ മുന്നറിയിപ്പുണ്ട്. ഭക്തജനങ്ങലുടെ സുരക്ഷയ്ക്കായി തീരത്ത് കൂടുതൽ ലൈഫ്ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്.

ശിിവഗിരിമഠത്തിൽ രാവിലെ 6 മുതലാണ് പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കുന്നത്. തിലഹവനം നടത്താനുള്ള സൗകര്യവും ഉണ്ടായിരിക്കും. സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക.