തിരുവനന്തപുരം: വാർത്തകൾ നൽകുന്നതിൽ സ്വയംശുദ്ധീകരണം വരുത്താൻ മാദ്ധ്യമങ്ങൾ ഓഡിറ്റിംഗിന് വിധേയമാവാനുള്ള ശ്രമം നടത്തണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. മാദ്ധ്യമപ്രവർത്തകരും സമൂഹത്തിൽ പൊതു അംഗീകാരമുള്ളവരും ചേർന്നുള്ള കൂട്ടായ്മയിൽ നിന്നാണ് ഇതുണ്ടാവേണ്ടതെന്നും
കേരള മീഡിയ അക്കാഡമി പ്രസിദ്ധീകരിക്കുന്ന, പി. ശ്രീകുമാർ തയ്യാറാക്കിയ 'പ്രസ് ഗാലറി കണ്ട സഭ' എന്ന പുസ്തകത്തിന്റെ പ്രകാശനം മസ്കറ്റ് ഹോട്ടലിൽ നിർവഹിച്ച് സ്പീക്കർ പറഞ്ഞു.
മാദ്ധ്യമങ്ങളെ ഏറെ വിശ്വസിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അവരോട് കൂറു പുലർത്താനുള്ള ബാദ്ധ്യത മാദ്ധ്യമങ്ങൾക്കുണ്ട്. തെറ്റായ വാർത്തകൾ എവിടെനിന്ന് വരുന്നുവെന്ന് പലപ്പോഴും അറിയാൻ കഴിയുന്നില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്. അതിനാൽ വാർത്തകളുടെ സൂക്ഷ്മത പരിശോധിക്കേണ്ടതുണ്ട്.
കാലുമാറ്റ രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയായി ഉയർന്ന് വരികയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ മുൻസ്പീക്കർ വി.എം. സുധീരൻ പരഞ്ഞു. ഇത്തരക്കാരെ അയോഗ്യരാക്കുകയല്ല, ക്രിമിനൽ ചട്ടപ്രകാരം നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. നാല് പതിറ്റാണ്ടിനിടെ വിവിധ മാദ്ധ്യമങ്ങൾക്കായി നിയമസഭാ അവലോകനം തയ്യാറാക്കിയ മുതിർന്ന മാദ്ധ്യമപ്രവർത്തകരെ സ്പീക്കറും വി.എം. സുധീരനും ഒ. രാജഗോപാൽ എം.എൽ.എയും ചേർന്ന് ആദരിച്ചു. മീഡിയ അക്കാഡമിയിലെ ഫോട്ടോ ജേർണലിസം ആദ്യബാച്ചിന്റെ ബിരുദദാനം പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ നിർവഹിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എസ്.ആർ. ശക്തിധരൻ, കെ.ജി. പരമേശ്വരൻനായർ, കെ. പ്രഭാകരൻ, എം.പി. അച്യുതൻ, കെ. കുഞ്ഞിക്കണ്ണൻ, വി.എസ്. രാജേഷ്, ജോൺ മുണ്ടക്കയം തുടങ്ങിയവർ സന്നിഹിതരായിരുന്നു. പി. ശ്രീകുമാർ മറുപടി പ്രസംഗം നടത്തി. മീഡിയ അക്കാഡമി സെക്രട്ടറി കെ. മോഹനൻ സ്വാഗതവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ നന്ദിയും പറഞ്ഞു.