മലയിൻകീഴ്: മലയിൻകീഴ് - ശ്രീകൃഷ്ണപുരം റോഡിൽ വിയന്നൂർ ക്ഷേത്രത്തിന് സമീപം ടിപ്പറിൽ കൊണ്ട് വന്ന മാലിന്യം നിക്ഷേപിച്ചു. ഇന്നലെ രാവിലെയാണ് റോഡിൽ മാലിന്യം കൊണ്ടിട്ട വിവരം നാട്ടുകാർ അറിയുന്നത്. റോഡ് അടഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാൽ സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നു പോയത്. ഇവിടെയുള്ള പാറക്കുഴി നികത്തുന്നതിന് വർഷങ്ങളായി പല ഭാഗത്ത് നിന്നും രാത്രി കാലങ്ങളിൽ മണ്ണും മാലിന്യങ്ങളും കൊണ്ടിടുന്നതിന് പതിവാണ്. പാറക്കുഴിയിൽ നിക്ഷേപിക്കുന്നതിന് കൊണ്ട് വന്ന മാലിന്യമാണ് റോഡിൽ ഇറക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിന്റെയും റവന്യു അധികൃതരുടെയും കണ്ണ് വെട്ടിച്ചാണ് പാറക്കുഴി നികത്തുന്ന ജോലികൾ തകൃതിയായി നടക്കുന്നത്. മാലിന്യം കൊണ്ടിട്ട സാമൂഹ്യവിരുദ്ധരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ റോഡിലെ നിരവധി വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സിടിവി കാമറകളിൽ നിന്നും മാലിന്യ വണ്ടി കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.