തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെയും നിയമ സെക്രട്ടറിയുടെയും നിയമോപദേശം തേടി. ഉത്തരവ് പരിശോധിച്ച ശേഷം അപ്പീലിനുള്ള നടപടി സ്വീകരിക്കാൻ എ.ജിയോട് നിർദ്ദേശിച്ചു. ഉത്തരവിന്റെ പകർപ്പ് നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബുവിനും കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ നിന്നെത്തിയ ശേഷം നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ അന്തിമ തീരുമാനമെടുത്തേക്കും.
ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി തിടുക്കത്തിൽ തിരിച്ചെടുക്കേണ്ടെന്നാണ് സർക്കാരിന്റെ ആലോചന. ജേക്കബ് തോമസിനെ 19 മാസം സേനയ്‌ക്ക് പുറത്തുനിറുത്തിയതിനെ ട്രൈബ്യൂണൽ നിശിതമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പീൽ സാദ്ധ്യത സർക്കാർ പരിശോധിക്കുന്നത്. സർവീസിൽ നിന്ന് സ്വയം വിരമിക്കുന്നതിന് ജേക്കബ് തോമസ് അപേക്ഷിച്ചെങ്കിലും സംസ്ഥാന സർക്കാർ അതിനെ എതിർത്ത് കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു.