aisf

തിരുവനന്തപുരം : എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 2 മുതൽ 4 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ജി.ആർ. അനിൽ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമെത്തുന്ന പരിസ്ഥിതി-സാംസ്‌കാരിക -ദീപശിഖാ ജാഥകൾ ആയുർവേദ കോളേജ് ജംഗ്‌ഷനിൽ സംഗമിച്ച് റാലിയായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ ഉദ്‌ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് ശുഭം ബാനർജി, സി. ദിവാകരൻ എം.എൽ.എ, മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

3ന് രാവിലെ 10 ന് വി.ജെ.ടി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം ചെയ്യും. 4ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ചീഫ് വിപ്പ് കെ. രാജൻ മോഡറേറ്ററാകും. കെ. പ്രകാശ് ബാബു, മന്ത്രി ഇ. ചന്ദ്രശേഖരൻ, കെ.എസ്. ശബരീനാഥൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.