kerala-congress

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ്-എമ്മിലെ ഇരു വിഭാഗം എം.എൽ.എമാർ ഇന്നലെ യു.ഡി.എഫ് യോഗത്തിലും കൊമ്പു കോർത്തു.

ജോസഫ് പക്ഷത്തെ മോൻസ് ജോസഫും ജോസ് പക്ഷത്തെ റോഷി അഗസ്റ്റിനുമാണ് വാക്കേറ്റത്തിന്റെ വക്കോളമെത്തിയത്. പാർട്ടിക്കുള്ളിലെ തർക്കത്തിന് യു.ഡി.എഫ് യോഗത്തെ വേദിയാക്കരുതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും കൺവീനർ ബെന്നി ബെഹനാനും ഇരുവരെയും പിന്തിരിപ്പിച്ചു. പ്രസിഡന്റ് സ്ഥാനം ആദ്യ ടേമിൽ ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് പി.ജെ. ജോസഫും സി.എഫ്. തോമസും യോഗത്തിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. പി.ജെ. ജോസഫിന് ചില വിഷമങ്ങളുണ്ടെന്നും , അദ്ദേഹവുമായി ചർച്ച നടത്തുമെന്നും ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ് പ്രതിനിധികളായി സംസാരിച്ചത് ജോയി എബ്രഹാമും മോൻസ് ജോസഫുമാണ്. ജോസ് വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകിയ യു.ഡി.എഫ് തീരുമാനത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനം രണ്ടായി പങ്കിട്ടെടുക്കണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടപ്പോൾ മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സമ്മതിച്ചതാണ്. ആദ്യ ഊഴം മറുപക്ഷത്തിന് നൽകിയത് ഭീഷണിയുടെ പേരിലാണെങ്കിൽ അത് ശരിയായ കീഴ്വഴക്കമല്ല.കെ.എം.മാണി മുന്നണി വിട്ടുപോകാതിരിക്കാൻ തങ്ങൾക്ക് ഏറെ ത്യാഗം സഹിക്കേണ്ടി വന്നത് ആരും മറക്കരുതെന്നും മോൻസ് പറഞ്ഞു.

മാണി യു.ഡി.എഫിൽ തിരിച്ചെത്തിയതിന്റെ ക്രെഡിറ്റ് ആരും അവകാശപ്പെടേണ്ടെന്ന് റോഷി അഗസ്റ്റിൻ തിരിച്ചടിച്ചു. മുന്നണിയിലെ ധാരണ പ്രകാരമാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം കിട്ടിയത്. ജോസഫ് പക്ഷത്തിന് നൽകിയ കാഞ്ഞിരപ്പള്ളി വാ‌ർഡിൽ നിന്ന് ജയിച്ച സെബാസ്റ്റ്യനെയാണ് തങ്ങൾ നിർദ്ദേശിച്ചതെന്നും റോഷി പറഞ്ഞതോടെ, ഇനിയിത്തരം ചർച്ച വേണ്ടെന്ന് ബെന്നി ബെഹനാൻ വിലക്കി. പാർട്ടികളിലെ ആഭ്യന്തര പ്രശ്നങ്ങളെപ്പറ്റി ഉഭയകക്ഷി ച‌ർച്ചയാവാമെന്ന് ചെന്നിത്തലയും പറഞ്ഞു. യു.ഡി.എഫ് ഏകോപന സമിതിയിൽ കെ.എം.മാണിക്ക് പകരക്കാരനെ നിശ്ചയിച്ചിട്ടില്ലെന്നിരിക്കെ റോഷി എങ്ങനെ വന്നുവെന്നത് തർക്കവിഷയമാക്കാൻ യോഗം തുടങ്ങും മുമ്പേ മോൻസ് ജോസഫും ജോയി എബ്രഹാമും ശ്രമിച്ചെങ്കിലും ജോസ് കെ.മാണിയെയും ജോയി എബ്രഹാമിനെയും നേതാക്കൾ പ്രത്യേകം വിളിച്ച് സമാധാനിപ്പിച്ചു.