തിരുവനന്തപുരം: നഗരസഭാ കൗൺസിലിൽ ഭരണപക്ഷ കക്ഷികൾ തമ്മിൽ കലഹം രൂക്ഷമാകുന്നു. സി.പി.ഐ പ്രതിനിധിയായ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും സി.പി.എം നേതാവായ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ശ്രീകുമാറും തമ്മിലുള്ള പോരാണ് കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ മറനീക്കി പുറത്തുവന്നത്. ആരോഗ്യ സ്ഥിരം സമിതി 50 ലക്ഷം വായ്‌പയെടുക്കാനുള്ള നീക്കവും ക്ലീൻ കേരള കമ്പനിക്ക് 9ലക്ഷം രൂപ അനുവദിക്കാനുമുള്ള സമിതിയുടെ തീരുമാനമാണ് ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കൂടിയായ ഡെപ്യൂട്ടി മേയർ എതിർത്തത്. ഇത്തരം നടപടികൾ നഗരസഭയ്ക്ക് ബാദ്ധ്യതയുണ്ടാക്കുമെന്ന് അവർ തുറന്നടിച്ചു. രാഖി രവികുമാറിന്റെ വാക്കുകളിൽ അതൃപ്തനായ ശ്രീകുമാർ മേയർ അന്തിമ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ ആദ്യം ഐക്യം ഉണ്ടാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ പരിഹസിച്ചു.

ഡെപ്യൂട്ടി മേയറുടെ രണ്ട് എതിർപ്പുകൾ

ചെറിയതുറയിൽ നഗരസഭ സ്ഥാപിച്ച ഷ്രെഡിംഗ് യൂണിറ്റിന്റെ എഗ്രിമെന്റ് വയ്ക്കുന്നതിനും കരാർ പരിപാലനം നടത്തുന്നതിനും അംഗീകൃത ഏജൻസിയായ ക്ലീൻ കേരള കമ്പനിക്ക് നൽകേണ്ട 9.13 ലക്ഷം രൂപ അനുവദിക്കണമെന്ന ശ്രീകുമാറിന്റെ ആവശ്യത്തെ രാഖി എതിർത്തു. ധനകാര്യ സമിതി ഇത്തരമൊരു ഫയൽ കണ്ടില്ലെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ നിലപാട്. ഫയൽ ധനകാര്യ സമിതി കണ്ട ശേഷം മാത്രമേ അനുമതി നൽകാവൂയെന്നും അവർ വാദിച്ചു. ക്ലീൻകേരള കമ്പനി സർക്കാർ അംഗീകൃത ഏജൻസിയാണെന്നും അതിന് എതിർപ്പ് ഉന്നയിക്കുന്നത് എന്തിനാണെന്നും പറഞ്ഞ ശ്രീകുമാർ ഇക്കാര്യവും മേയറുടെ തീരുമാനത്തിന് വിട്ടു. ഫയൽ ധനകാര്യസമിതി കാണട്ടെ എന്നു പറഞ്ഞ് മേയർ വി.കെ.പ്രശാന്ത് രംഗം ശാന്തമാക്കി. പിന്നാലെയാണ് കേന്ദ്രസാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സഫായി കർമ്മചാരിസ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത് വാഹനങ്ങളും സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനുള്ള യന്ത്രങ്ങൾ വാങ്ങാനുള്ള അനുമതി തേടികൊണ്ടുള്ള അജൻഡ ശ്രീകുമാർ അവതരിപ്പിച്ചത്. ഇതും ഡെപ്യൂട്ടി മേയർ എതിർത്തു. ബഡ്ജറ്റിൽ ആരോഗ്യസമിതിക്കായി ലക്ഷങ്ങൾ മാറ്റിവയ്ക്കുന്നുണ്ടെന്നും വായ്‌പകൂടി എടുക്കേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. ഇതും ശ്രീകുമാർ മേയറുടെ തീരുമാനത്തിനു വിട്ടു. പ്രശ്നം വഷളാകാതിരിക്കാൻ ഇതിലും ഡെപ്യൂട്ടിമേയറുടെ നിലപാടിന് അനുകൂലമായ തീരുമാനമാണ് മേയർ സ്വീകരിച്ചത്.