തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച ഡി.ഐ.ജി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരിക്കെ, മാർച്ച് നയിച്ച സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ നിലപാട് വീണ്ടും കടുപ്പിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്.
, പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമ്പോൾ സ്വാഭാവികമായും തങ്ങൾ ഭരണകക്ഷിയാണെന്ന തോന്നൽ വേണമെന്ന് ഇന്നലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ, കാനം പറഞ്ഞു. ഏതാണ് ഭരണം, ഏതാണ് സാഹചര്യമെന്നത് നേതൃത്വം മനസ്സിലാക്കണം. അല്ലെങ്കിൽ ഇതിനേക്കാൾ മുമ്പേ ഇതൊക്കെ ചെയ്തു കൂടേ. പ്രതിപക്ഷത്തിരുന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഭരണകക്ഷി ചെയ്യാൻ പാടില്ല. ഇത് നമ്മുടെ തന്നെ സർക്കാരാണ്. പ്രതിഷേധം അറിയിക്കാനായിരുന്നു മാർച്ച്. അത് നടത്തിക്കൊള്ളാൻ പറഞ്ഞു. ഓരോ സമരത്തിലും ഓരോ പ്രത്യേക ഘട്ടത്തിലാണ് അക്രമമൊക്കെ ഉണ്ടാകുന്നത്. പൊലീസിനിട്ട് തല്ല് കൊടുക്കാറില്ലേ. പൊലീസ് ഇങ്ങോട്ടും തല്ലും. പല സമരത്തിലും അതൊക്കെയുണ്ടാകാറുണ്ട്. ആ സമരമൊക്കെ എന്തിന് വേണ്ടിയായിരുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങളെന്നും കാനം പറഞ്ഞു.