തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാ‌ർത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. കേസിലെ പതിന്നാലാം പ്രതി സഹ്വാനാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് കന്റോൺമെന്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷമുണ്ടായതിന്റെ വീഡിയോകളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. വധശ്രമക്കേസിൽ പൊലീസ് തിരിച്ചറിഞ്ഞ പതിനാറ് പ്രതികളിൽ ഉൾപ്പെട്ട ആളാണ് സഹ്വാനെന്ന് പൊലീസ് അറിയിച്ചു. കേസിൽ ലുക്കൗട്ട് നോട്ടീസിലുൾപ്പെട്ട അഞ്ചുപേരുൾപ്പെടെ എട്ടുപേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസിലുൾപ്പെട്ട രഞ്ജിത്ത്, അമർ, ഇബ്രാഹിം എന്നിവരെ ഇനിയും പിടികൂടാൻ പൊലീസിനായിട്ടില്ല. കേസിലെ മറ്റ് എട്ട് പ്രതികൾക്കായുള്ള ലുക്കൗട്ട് പ്രസിദ്ധപ്പെടുത്താനായി കോളേജിൽ നിന്ന് വിദ്യാർത്ഥികളുടെ പേരും വിലാസവും ശേഖരിച്ചുവരികയാണെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.