law-secretariat-associati

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതൃത്വം തങ്ങളെ സംഘടനാ പ്രവർത്തനത്തിൽ നിന്ന് മന:പൂർവ്വം അകറ്റി നിറുത്തുന്നുവെന്ന് ഐ ഗ്രൂപ്പ്.

സംഘടനയിലെ അംഗങ്ങളും ഐ ഗ്രൂപ്പുകാരുമായ നിയമ വകുപ്പിലെ അസിസ്റ്റന്റ് ലീഗൽ ഓഫീസർ വണ്ടന്നൂർ സുരേഷ്, ഷിജു എ.എഫ് എന്നിവർ ഇത് സംബന്ധിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകി. അസോസിയേഷനിൽ ഏറെ നാളായി പുകയുന്ന എ, ഐ ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വണ്ടന്നൂർ സുരേഷ്. 2017ൽ നടന്ന അസോസിയേഷൻ സമ്മേളനത്തിൽ നിർവ്വാഹകസമിതിയിൽ നിന്ന് അന്നത്തെ സംഘടനാ പ്രസിഡന്റും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വി.എൻ. രാധാകൃഷ്ണൻ ഏകപക്ഷീയമായി ഒഴിവാക്കുകയും അനാവശ്യ ആരോപണങ്ങളുന്നയിച്ച് സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിറുത്തുകയുമാണെന്നാണ് പരാതി. ഇപ്പോൾ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു വരുകയാണ് വണ്ടന്നൂർ സുരേഷ്. സഹോദരൻ വണ്ടന്നൂർ സന്തോഷ് കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്.