തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായി അനന്തരതലമുറ വർഷത്തിലൊരിക്കൽ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ബലിതർപ്പണം ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ചു. പിതൃതർപ്പണത്തിന് മുന്നോടിയായി മനസും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്നലെയായിരുന്നു. ഇന്ന് വൈകിട്ട് വരെ ബലിതർപ്പണം നടത്താം. തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലാണ് കൂടുതൽപേർ ബലിയിടാനെത്തുക. തിരുവല്ലത്ത് പുലർച്ചെ 2.30ന് പിതൃതർപ്പണം ആരംഭിച്ചു. സന്ധ്യവരെ എത്തുന്ന എല്ലാപേർക്കും ബലിയിടാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വർക്കല പാപനാശത്ത് കടപ്പുറത്തും ബലിമണ്ഡപങ്ങളിലുമാണ് തർപ്പണം നടക്കുക. ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിലും ബലിത‌ർപ്പണത്തിന് സൗകര്യമുണ്ട്. പാപനാശത്തും ചക്രതീർത്ഥക്കുളത്തിലുമായി സുരക്ഷയ്‌ക്കായി 44 ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. കുളത്തിൽ അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമുണ്ടാകും. ആംബുലൻസുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡും നഗരസഭയും താത്കാലിക ടോയ്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ശിവഗിരിമഠം, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും. രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് തീരം നഷ്ടപ്പെട്ട ശംഖുംമുഖത്ത് കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പുതിയ തീരം കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തിയ ശേഷം ദേവസ്വം ബോർഡിന്റെയും കോസ്റ്റ് ഗാർഡിന്റെയും പൊലീസിന്റെയും സഹായത്തോടെ ഇവിടെ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ലൈഫ് ഗാർഡിന്റെയും പൊലീസിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷാസംവിധാനങ്ങൾ ഉൾപ്പെടെ ഏകോപിപ്പിക്കാനായി ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടാകും. അരുവിപ്പുറത്ത് ഒരേസമയം 11,500 പേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ട്. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യകാർമികത്വം വഹിക്കും. നെയ്യാറ്റിൻകരയിലെ രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകൾ, വിവിധ ക്ഷേത്രക്കുളങ്ങൾ, പൂവാർ കടപ്പുറം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും. കാട്ടാക്കടയിൽ ചെമ്പനാകോട് ഹനുമാൻ ക്ഷേത്രം, കൊല്ലോട് തമ്പുരാൻ ഭദ്രകാളിക്ഷേത്രം, മണ്ഡപത്തിൻകടവ് കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിക്കര ഡാമിന് സമീപം ക്ഷേത്രക്കടവ്, കരകുളം ഏണിക്കര മുദിശാസ്‌താംകോട് ക്ഷേത്രം, വാമനപുരം നദിയിൽ മീൻമുട്ടി കടവ്, പാലോട് ചിപ്പഞ്ചിറക്കടവ് എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും.