rakhi-murder

തിരുവനന്തപുരം: അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നെയ്യാറ്റിൻകര ജുഡീഷിയൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി-2 ൽ നാളെ അപേക്ഷ നൽകും. ഒന്നാം പ്രതി അഖിൽ, രണ്ടാം പ്രതി രാഹുൽ, മൂന്നാം പ്രതി ആദർശ് എന്നിവരെ ഒരുമിച്ചാണ് പൂവാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക.

10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുന്നത്. പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുക്കും. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ്, തട്ടാംമുക്കിലെ വീട്, കാർ ഉപേക്ഷിച്ച തൃപ്പരപ്പ് എന്നിവിടങ്ങളിലെത്തിച്ച് കൊലപാതക രീതിയുൾപ്പെടെ വിശദമായി ചോദിച്ചു മനസിലാക്കും. കനത്ത പൊലീസ് സുരക്ഷയിൽ മൂന്നു പ്രതികളെയും വെള്ളിയാഴ്ച തെളിവെടുപ്പിനായി വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. കേസിൽ നിർണായക തെളിവായ രാഖിയുടെ കഴുത്തിൽ കുരുക്കിട്ട കയറും വസ്ത്രങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. ഇവ‌ രണ്ടും സുപ്രധാനമായ ശാസ്ത്രീയ തെളിവുകളാണ്. തെളിവെടുപ്പിനായി തിങ്കളാഴ്ച ഒന്നാം പ്രതി അഖിലുമായി തട്ടാംമുക്കിലെ വീട്ടിലെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കൊലനടത്താനുപയോഗിച്ച കാർ കഴുകിയ സ്ഥലത്തു നിന്നു കിട്ടിയ സ്ത്രീയുടെ മുടിയിഴകളും രക്തംപുരണ്ട ഇലകളും ശാസ്ത്രീയ പരിശോധന നടത്തി ലഭിക്കുന്ന ഫലവും കേസിൽ പ്രധാനമാണ്. വാഹനം കഴുകിയ ശേഷം തുടയ്ക്കാൻ ഉപയോഗിച്ച തുണിയും കണ്ടെത്തണം.

ഒന്നും രണ്ടും പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീട്ടിൽ നിന്ന് വിഷം കണ്ടെത്തിയെന്ന പ്രചാരണം പൊലീസ് നിഷേധിച്ചു. ആദർശുമായി മൃതദേഹം കണ്ടെത്താനെത്തിയപ്പോൾ അഖിലിന്റെ വീട്ടിൽ പരിശോധന നടത്തുകയും അവിടെ നിന്നു ചില സാധനങ്ങൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. അതിൽ വിഷം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.