തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പവർ ഹൗസ് റോഡ് പരിസരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തുന്ന രണ്ടു പേർ പിടിയിൽ. മണക്കാട് മുതലപ്പറമ്പ് വീട്ടിൽ ജയൻ (42), ആറ്റുകാൽ ചരുവിള ലെയ്‌നിൽ ടി.സി 41/1333 ജയവിഹാറിൽ മണികണ്ഠൻ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 24 ന് രാത്രി പവർ ഹൗസ് റോഡിൽ വച്ച് വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മാനേജർ വേണുഗോപാലിനെ അടിച്ചു തള്ളിയിട്ട് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടിയിലായത്.
കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇവരുടെ പേരിൽ നേമം, ഫോർട്ട്, തമ്പാനൂർ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. മണികണ്ഠൻ തമ്പാനൂർ സ്റ്റേഷനിലെ കേസിൽ ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങി ഒരു മാസത്തിനിടെയാണ് വീണ്ടും പിടിയിലാകുന്നത്. തമ്പാനൂർ സി.ഐ അജയ്‌കുമാർ, എസ്.ഐമാരായ ജിജുകുമാർ, അരുൺ രവി, സി.പി.ഒ അനിൽകുമാർ, അജീഷ്, തമ്പാൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്തു.