ഒരു ചോദ്യവും കൂടാതെ വിരാട് കൊഹ്‌ലിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി തുടരാൻ അനുവദിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഗാവസ്കർ. കൊഹ്‌ലിയുടെ നായക പദവിയെ ചോദ്യം ചെയ്ത് ആദ്യമായാണ് ഇത്രയും പ്രമുഖനായ ഒരാൾ പരസ്യമായി പ്രതികരിക്കുന്നത്. കൊഹ്‌ലിയെ ഒരെതിർപ്പും കൂടാതെ തുടരാൻ അനുവദിക്കുന്ന സെലക്ടർമാർ മുടന്തൻ താറാവുകളാണെന്നും ഗാവസ്കർ പരിഹസിച്ചു.
1983ൽ ലോകകപ്പ് നേടിത്തന്ന ക്യാപ്ടൻ കപിൽദേവിനെ 87 ലെ സെമി ഫൈനൽ തോൽവിയുടെ പേരിൽ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ഗാവസ്കർ വിമർശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ തോറ്റ് പുറത്തായിട്ടും സെലക്ടർമാരോ ബി.സി.സി.ഐയോ വിരാട് കൊഹ്‌ലിയോട് വിശദീകണം ചോദിക്കാത്തതാണ് മുൻ നായകനെ ചൊടിപ്പിച്ചത്.
ലോകകപ്പുകൾക്കും പാകിസ്ഥാനെതിരായ പരമ്പരകൾക്കും പണ്ടു മുതലേ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രാധാന്യമുണ്ടെന്ന് ഗാവസ്കർ പറഞ്ഞു.
വിൻഡീസ് പര്യടനത്തിനുള്ള ടീമിനെ തീരുമാനിക്കും മുമ്പ് സെലക്ടർമാർ വിരാടിനെത്തന്നെ എന്തുകൊണ്ട് ക്യാപ്ടനായി തുടരാൻ അനുവദിക്കണം എന്നതിൽ ചർച്ച നടത്തണമായിരുന്നു. അതുകൂടാതെ വിരാടിനെ ടീം അംഗങ്ങളെ സെലക്ട് ചെയ്യാൻ ഒപ്പം കൂട്ടാൻ പാടില്ലായിരുന്നു. പ്രകടനം മോശമായതിന്റെ പേരിൽ ദിനേഷ് കാർത്തികിനെയും കേദാർയാദവിനെയും ഒഴിവാക്കാമെങ്കിൽ എന്തുകൊണ്ട് കൊഹ്‌ലിയെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് മാറ്റിക്കൂടാ എന്നും ഗാവസ്കർ ചോദിക്കുന്നു.
അതേ സമയം സുനിൽ ഗാവസ്കറുമായി എല്ലാ ബഹുമാനവും നിലനിറുത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായവുമായി വിയോജിക്കുകയാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യയുടെയും വിരാടിന്റെയും പ്രകടനം വെറും മോശമായിരുന്നില്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. ഏഴ് മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് തോറ്റത്. സെമിയിൽ നേരിയ മാർജിനിലായിരുന്നു തോൽവി. ഇന്ത്യയെ തോൽപ്പിച്ച ടീമുകളാണ് ഫൈനലിൽ കളിച്ചതും. ഇന്ത്യയുടെ നിർഭാഗ്യമാണ് സെമി ഫൈനലിൽ തിരിച്ചടിയായതെന്നും മഞ്ജരേക്കർ പറഞ്ഞു.
വിരാടിനെ വീണ്ടും ക്യാപ്ടനാക്കിയ സെലക്ഷൻ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. സെലക്ടർ എന്ന നിലയിൽ ആത്മാർത്ഥതയാണ് ഏറ്റവും അനിവാര്യമായ ഘടകമെന്നും എം.എസ്.കെ. പ്രസാദിനും സംഘത്തിനും അതുണ്ടെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. പേരും പെരുമയുമല്ല മികച്ച സെലക്ടറെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.