തിരുവനന്തപുരം : നിരവധി തലമുറകളെ ട്രാക്കിലേക്ക് കൈപിടിച്ചു കയറ്റിയ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സീനിയർ മോസ്റ്റ് അത്ലറ്റിക്സ് കോച്ച് കെ.ഐ. ഗോപാലകൃഷ്ണ പിള്ള സർവീസിൽ നിന്ന് വിരമിക്കുന്നു. അവസാന പ്രവൃത്തി ദിനമായ ഇന്നലെയും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തന്റെ ശിഷ്യർക്ക് അഭ്യാസപാഠങ്ങൾ ചൊല്ലിക്കൊടുത്ത അദ്ദേഹം വിരമിക്കൽ വിശ്രമവേളയല്ല എന്ന നിശ്ചയദാർഢ്യവുമായി പുതിയ പദ്ധതികളുമായി അത്ലറ്റിക്സ് ട്രാക്കിൽ തുടരാനുള്ള തീരുമാനത്തിലാണ്.
പരിശീലകനെന്ന നിലയിൽ 28 വർഷം നീണ്ട ഔദ്യോഗിക കരിയറിനാണ് അവസാനമാകുന്നത്. ഇതിൽ 27 വർഷവും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കോച്ചായിരുന്നു. ഒരു വർഷം കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ എൽ.എൻ.സി.പി.ഇയിലെ ആദ്യ ബി.പിഎഡ് ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. ഗ്വാളിയറിൽ നിന്ന് എം.പിഐഡ്. കൗൺസിലിന് കീഴിൽ ജി.വി. രാജ സ്കൂളിലാണ് കരിയറിന് തുടക്കം. പിന്നീട് ചങ്ങനാശേരി സ്പോർട്സ് ഹോസ്റ്റൽ, കോടഞ്ചേരി സ്കൂൾ, കൊല്ലം സെൻട്രലൈസ്ഡ് സ്പോർടസ് ഹോസ്റ്റൽ, പാലഅൽഫോൺസാ കോളേജ് തുടങ്ങിയ ഇടങ്ങളിലെ സേവനത്തിന് ശേഷം കഴിഞ്ഞ 10 കൊല്ലമായി കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഹോസ്റ്റലിൽ. ഇക്കാലംകൊണ്ട് നിരവധി അന്താരാഷ്ട്ര കായിക താരങ്ങളാണ് 'പിള്ള സാറി" ന്റെ പരിശീലനത്തിലൂടെ മികവിന്റെ വഴി കണ്ടെത്തിയത്. പാലായിൽ നിന്ന് പ്രീജാശ്രീധരനെ അന്താരാഷ്ട്ര കുതിപ്പിലേക്ക് വഴിതിരിച്ചുവിട്ടത് പിള്ളയാണ്. ജൂബി തോമസ്, പ്രിൻസ് മാത്യു, അഥീന പി.ജി, ഫ്രൻസി തോമസ്, ബിജിമോൾ. കെ. ചാക്കോ, ബിജു തോമസ്, നൈസി ഖാൻ തുടങ്ങിയ പ്രമുഖ ശിഷ്യർ വേറെയുമുണ്ട്. എന്നാൽ പിള്ളയെ വേറിട്ടു നിറുത്തുന്നത് 27 തവണ ദേശീയ ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പുകളിൽ കേരള ടീമിന്റെ പരിശീലകനായിരുന്നു എന്നതാണ്. ജൂനിയർ ടീമിനെ ദേശീയ ചാമ്പ്യൻഷിപ്പുകൾക്കായി ഒരുക്കിയെടുക്കുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്. നാല് ദേശീയ ഗെയിംസുകളിലും 12 സീനിയർ നാഷണൽസുകളിലളും കേരള സീനിയർ ടീമിന്റെ പരിശീലകനായി.
ഇതിനിടയിൽ അമേരിക്കയിലെ ടെക്സസിൽ നിന്ന് സ്പ്രിന്റ് പ്രോഗ്രാം കോഴ്സ് പാസായി. ഇന്തോനേഷ്യയിൽ നടന്ന ഐ.എ.എ.എഫ് ലെവൽ വൺ, ലെവൽ വൺ ലക്ചറർ ഷിപ്പ് കോഴ്സുകളും പാസായി. ലെവൽ വൺ പരിശീലകരെ പരിശീലിപ്പിക്കാനുള്ള യോഗ്യത നേടിയ ഒൻപത് ഇന്ത്യക്കാരിൽ ഒരാളാണ്.
കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ ഗോപാലകൃഷ്ണ പിള്ള വിരമിച്ചശേഷം തന്റെ നാട്ടിലെ കുരുന്നു കായിക താരങ്ങളെ ട്രാക്കിലേക്കെത്തിക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. കടയ്ക്കൽ ഗ്രാമ പഞ്ചായുമായി ഇതുസംബന്ധിച്ച് ധാരണയായിക്കഴിഞ്ഞു. മുഹമ്മദ് അനസിനെപ്പോലെ നിരവധി പ്രതിഭകൾ ഇനിയും കടയ്ക്കലിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി കണ്ടെത്തപ്പെടാനുണ്ടെന്ന് പിള്ള പറഞ്ഞു.
കൊല്ലം മഞ്ഞപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ മഹേശ്വരിയാണ് ഭാര്യ. കൊച്ചി മെട്രോ റെയിലിൽ എൻജിനിയറായ മഹേഷ് കൃഷ്ണൻ മകനും ഡോ. ഗൗരീ കൃഷ്ണൻ മകളുമാണ്. തങ്ങളുടെ പ്രിയ ഗുരുവിന് കഴിഞ്ഞ ദിവസം ഇപ്പോഴത്തെയും മുൻ കാലത്തെയും ശിഷ്യർ ചേർന്ന് യാത്ര അയപ്പ് നൽകിയിരുന്നു.