തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഉപകരണത്തിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ട് പേർ വിമാനത്താവളത്തിൽ പിടിയിലായി. തിരുനെൽവേലി സ്വദേശി ഷാഹുൽ ഹമീദ് (40), ചെന്നൈ സ്വദേശി ജാഫർ അലി (30) എന്നിവരെയാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ ദിവസം പിടികൂടിയത്. രണ്ട് പേരിൽ നിന്ന് അരക്കിലോ വീതം സ്വർണം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം രാവിലെ 8ന് ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ ഷാഹുൽ ഹമീദ് രണ്ട് കളിപ്പാട്ട പിയാനോകളുടെ ട്രാൻസ്ഫോർമറിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാൻ ഇവയുടെ പുറത്ത് വെള്ളി പൂശിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11ന് ക്വാലാലംപൂരിൽ നിന്ന് മലിൻഡോ എയർവേസിലെത്തിയ ചെന്നൈ സ്വദേശി ജാഫർ അലി മൊബൈൽ വോൾട്ടേജ് റഗുലേറ്ററിലെ ട്രാൻസ്ഫോർമറിനുള്ളിലായിരുന്നു 5 സ്വർണ ബിസ്കറ്റുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് എയർ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു മിന്റുരാജയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മിഷണർ സിനി, സൂപ്രണ്ടുമാരായ റജീബ്, ശശികുമാർ, പി. മനോജ്, ഇൻസ്പെക്ടർമാരായ ഗുൽഷൻകുമാർ, വിശാഖ്, മേഖ, അമൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.