തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള തീവ്രയജ്ഞം ഇന്ന് ആരംഭിക്കും. ഒക്‌ടോബർ 31 വരെയാണ് തീവ്രയജ്ഞ പരിപാടി.
കേസ് സംബന്ധിച്ച ഫയലുകളുടെ കണക്ക് പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്ക്കാണ് തീർപ്പാക്കലിൽ മുൻഗണന നൽകുന്നത്. രണ്ടാഴ്ചയിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാരുടെയും വകുപ്പ് മേധാവികളുടെയും ജില്ലാമേധാവികളുടെയും നേതൃത്വത്തിൽ പുരോഗതി വിലയിരുത്തും. സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ ചീഫ് സെക്രട്ടറി നേരിട്ടാവും വിലയിരുത്തുക.
ജനങ്ങളുടെ പരാതികളിൽ നടപടി സ്വീകരിക്കാനുള്ളവ ആഗസ്റ്റ് 31നകം പൂർത്തിയാക്കും. ജൂലായ് 31ന് മുമ്പ് തീർപ്പാക്കാനുള്ളവയെ പെൻഡിംഗ് ഫയലുകളായി കണക്കാക്കും.
തീർപ്പാക്കാനുള്ള ഫയലുകൾ
37 വകുപ്പുകളിലായി 1,21,665 ഫയലും 52 വകുപ്പ് മേധാവികളുടെ ഓഫീസിൽ 3,15,008 ഫയലും തീർപ്പാക്കാനുണ്ട്. റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കാനുള്ളത്, 17,300.
ഒഴിവുകൾ നികത്തിയില്ല
സെക്രട്ടേറിയറ്റിൽ ഫയൽ തീർപ്പാക്കൽ മഹായജ്ഞത്തിന് തുടക്കമിടുമ്പോഴും പല വകുപ്പുകളിലെയും ഒഴിവുകൾ പൂർത്തിയാക്കിയിട്ടില്ലെന്ന പരാതിയുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി പ്രൊമോഷനായതോടെ ആ തസ്തിക ഇല്ലാതായ മട്ടിലാണ്. നിലവിൽ ഒരു അണ്ടർ സെക്രട്ടറിയും സെക്‌ഷൻ ഒാഫീസറും മാത്രമാണ് ഡി.സി വിഭാഗത്തിലുള്ളത്. കഴിഞ്ഞ മാസം ജോയിന്റ് സെക്രട്ടറി, സെക്‌ഷൻ ഒാഫീസർ തലത്തിൽ പല ഒഴിവുകളും നികത്തിയിട്ടില്ല. ഇത് ഫയൽ തീർപ്പാക്കൽ തീവ്രയത്ന പരിപാടിക്ക് പ്രതിസന്ധിയാകുമെന്ന് ആക്ഷേപമുണ്ട്.
അതോടൊപ്പം തീവ്രയത്ന പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആദ്യയോഗം നടത്തി. ഇതിന്റെ രണ്ടാം യോഗം അടുത്ത ആഴ്ച നടത്തുന്നുണ്ട്.