തിരുവനന്തപുരം: കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട വലിയതുറ കടൽപാലം ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം വീണ്ടും കരയുമായി ബന്ധിപ്പിച്ചു. നാല് ടൺ ഭാരവും 1.8 മീറ്റർ നീളവുമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലത്തിന്റെ ഭിത്തി പുനർ നിർമ്മിച്ചത്. കടൽക്ഷോഭത്തെ പ്രതിരോധിക്കാനായി കരിങ്കല്ല് പാകി അടിത്തറയൊരുക്കുകയും ഭിത്തിക്ക് ചുറ്റും കരിങ്കല്ല് നിരത്തുകയും ചെയ്തു. പാലത്തിലേക്കുള്ള വഴി ഇന്റർലോക്ക് ടൈലുകൾ പാകി മനോഹരമാക്കുകയും ചെയ്തു.

കടൽക്ഷോഭം രൂക്ഷമായതിനാലാണ് 2 വർഷം മുൻപ് ആരംഭിച്ച സംരക്ഷണഭിത്തിയുടെ നവീകരണ പ്രവർത്തനങ്ങൾ നീണ്ടു പോയത്. കടൽപാലത്തോടു ചേർന്നുള്ള സംരക്ഷണഭിത്തിയും ദേശീയ ഭൗമപഠന കേന്ദ്രത്തിന്റെ ഭാഗങ്ങളും രൂക്ഷമായ കടൽക്ഷോഭത്തിൽ തകർന്നിരുന്നു. 60 വർഷം മുൻപ് കരിങ്കല്ല് പാകി കോൺക്രീറ്റ് ചെയ്ത ഭിത്തിയാണ് അടിത്തട്ടിലെ മണ്ണൊലിച്ച് പോയതിനെ തുടർന്ന് തകർന്നത്. പിന്നീടുള്ള ഓരോ കടൽക്ഷോഭത്തിലും പാലത്തിന്റെ കൂടുതൽ ഭാഗങ്ങൾ കടലെടുത്തു. അപകടാവസ്ഥയിലായ പാലത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിരുന്നു. 703 അടി നീളവും 24 അടി വീതിയുമുള്ള പാലത്തിൽ ആകെ 127 പില്ലറുകളാണുള്ളത്.

നവീകരണം ആരംഭിച്ചത് 2 വർഷം മുൻപ്

പാലത്തിന്റെ നീളം 703 അടി

വീതി 24 അടി

സിവിൽ വർക്കുകൾ പൂർത്തിയായി. ഉദ്ഘാടനത്തിന് ശേഷം പാലം സന്ദർശകർക്ക് തുറന്നു കൊടുക്കും.- ഹാർബർ എൻജിനിയറിംഗ് വിഭാഗം